നേന്ത്രക്കായ വില ഉയരുന്നു, കർഷകർക്ക് പ്രതീക്ഷ

Saturday 08 June 2024 12:19 AM IST
പ്രതീക്ഷ.....

കൽപ്പറ്റ: നേന്ത്രക്കായ വില ഉയരുന്നത് കർഷകർക്ക് ആശ്വാസമാകുന്നു. ഒരു മാസത്തിനിടെ ഇരട്ടിയോളം വിലയാണ് വർദ്ധിച്ചത്. ശരാശരി കിലോയ്ക്ക് 40 രൂപ വരെ ഇപ്പോൾ വില ലഭിക്കുന്നുണ്ട്. ഈ വർഷം 15 രൂപ വരെ വില താഴ്ന്നിരുന്നു. ഉത്പാദനക്കുറവാണ്‌ നേന്ത്രക്കായയുടെ വില വർദ്ധിക്കാൻ കാരണം.
വിലക്കുറവിനെ തുടർന്ന് വലിയ പ്രതിസന്ധിയിലായിരുന്നു നേന്ത്രവാഴകർഷകർ. മാസങ്ങളോളമായി വില കൂപ്പുകുത്തിയതിനാൽ പലകർഷകരും കൃഷി തന്നെ ഉപേക്ഷിച്ചു. എന്നാൽ കഴിഞ്ഞ ഏതാനും മാസങ്ങളായി വിലയിൽ വർദ്ധനവുണ്ടായി. ഇപ്പോഴാകട്ടെ മികച്ച വിലയാണ് ലഭിക്കുന്നത്. 44 രൂപ വരെ ഈ വർഷം കൂടി. സാധാരണ ഓണക്കാലത്താണ്‌ നേന്ത്രവാഴ കുല കൂടുതലായി വിളവെടുപ്പ് നടത്തുന്നത്. ഇപ്പോഴത്തെ മികച്ച വില ഓണക്കാലത്തും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
ഈ വർഷം ഉത്പ്പാദനത്തിൽ ഗണ്യമായ കുറവുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മഴ കുറവായതും നേന്ത്രവാഴ കൃഷിയെ സാരമായി ബാധിച്ചിരുന്നു. വയനാട്ടിൽ തന്നെ ഏക്കർ കണക്കിന് സ്ഥലത്തെ വാഴകൃഷി ഉണങ്ങി നശിച്ചിരുന്നു. ഇതിനു പുറമേ വേനൽ മഴയോടൊപ്പം എത്തിയ കാറ്റിലും വൻതോതിൽ കൃഷി നശിച്ചു. കർണാടകയിലും ഉത്പാദനക്കുറവുണ്ട്. ഉത്പ്പാദനചെലവ് വർദ്ധിക്കുന്നതിനാൽ മെച്ചപ്പെട്ട വില ലഭിച്ചില്ലെങ്കിൽ കൃഷി പൂർണമായും ഉപേക്ഷിക്കേണ്ട അവസ്ഥയിലായിരുന്നു കർഷകർ. ഇതിനിടയിലാണ് കർഷകർക്ക് പ്രതീക്ഷയായി വില വർദ്ധിക്കുന്നത്.

Advertisement
Advertisement