ഫിറ്റല്ല, 926 അങ്കണവാടികൾ

Saturday 08 June 2024 12:25 AM IST
anganvadi

കോഴിക്കോട്: കളിയും ചിരിയുമായി എത്തിയ കുരുന്നുകളെ വരവേറ്റത് ഫിറ്റ്നസില്ലാത്ത അങ്കണവാടികൾ. വാ​ട​ക​ക്കെ​ട്ടി​ട​ങ്ങ​ളി​ൽ പ്ര​വ​ർത്തി​ക്കു​ന്ന​ത​ട​ക്കമുള്ള എ​ല്ലാ അങ്കണവാ​ടി​ക​ളുടെയും സു​ര​ക്ഷ ത​ദ്ദേ​ശ​വ​കു​പ്പ് എ​ൻ​ജി​നീ​യ​റോ ഓ​വ​ർസിയറോ പരിശോധിച്ച് മഴക്കാലത്തിന് മുമ്പുതന്നെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകണമെന്നും അല്ലാത്തവ പ്രവർത്തിക്കാൻ പാടില്ലെന്നുമുള്ള വനിതാ ശിശുവികസനവകുപ്പിന്റെ നിർദ്ദേശം ലംഘിച്ചാണ് കഴിഞ്ഞ ദിവസം മു​ത​ൽ ജി​ല്ല​യി​ലെ അങ്കണവാടികൾ തുറന്നത്. ജില്ലയിലെ 2938 അങ്കണവാടികളിൽ 926 എണ്ണത്തിനും ഫിറ്റ്നസ് ഇല്ല. 412 അങ്കണവാടികൾ വാടകക്കെട്ടിടത്തിലുമാണ്. 2012 അങ്കണവാടികൾക്കാണ് ഫിറ്റ്നസ് ലഭിച്ചിട്ടുള്ളത്. മഴക്കാലം ശക്തമാകുന്നതിനു മുമ്പ് കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് വനിതാ ശിശുവികസന വകുപ്പ് പ്രത്യേക പരിശോധന നടത്തുന്നത്.

@ പരിശോധന നടത്താൻ ആളില്ല

മഴക്കാലം ആരംഭിക്കുന്നതിന് മുമ്പുതന്നെ കെട്ടിടങ്ങളുടെ ഫിറ്റ്നസ് ഉറപ്പുവരുത്തേണ്ടതാണ്. എന്നാൽ പരിശോധന ഇനിയും പൂർത്തിയായിട്ടില്ല. കെട്ടിടങ്ങൾ മതിയായ ഫിറ്റ്നസോടെയാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്താൻ ഐ.സി.ഡി.എസ് മുഖേനയാണ് പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതനുസരിച്ച് ഓരോ പഞ്ചായത്ത് പരിധിയിലെ എ.ഇ.ഒമാർ അങ്കണവാടികൾ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കി നൽകണം. എന്നാൽ പല ഇടങ്ങളിലും എ.ഇ.ഒ മാരുടെ കുറവ് മൂലം പരിശോധന നീളുകയാണ്.

സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതിനാലും, പല ഇടങ്ങളിലും എ.ഇ.ഒ തസ്തികകൾ ഒഴിഞ്ഞ് കിടക്കുന്നതും മൂലമാണ് റിപ്പോർട്ട് വൈകാൻ കാരണം. ആളില്ലാത്തതിനാൽ രണ്ട്പഞ്ചായത്തുകളുടെ പരിശോധന നടത്തുന്നത് ഒരു എ.ഇ.ഒ ആണ്. ഇത് പരിശോധന നീളാൻ ഇടയാക്കും. കുട്ടികളുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നതൊന്നും അങ്കണവാടികളിലില്ലെന്ന് ഉറപ്പക്കേണ്ടത് ചൈൽഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസറുടെയും സൂപ്പർവൈസറുടെയും ഉത്തരവാദിത്വമാണ്. കെട്ടിടം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറ്റുകയും കെട്ടിടത്തിന് സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും വേണം.

@ ഫിറ്റ്നസ് മാനദണ്ഡങ്ങൾ

# 500മുതൽ 600 വരെ ചരുരശ്ര അടി വിസ്തീർണം

# ശുചിമുറി സൗകര്യം, കുടിവെള്ളം, വൈദ്യുതി എന്നിവ ഉറപ്പുവരുത്തണം

#കുട്ടികൾ ഇരിക്കുന്ന മുറിയിൽ ഗ്യാസ് സൗകര്യം ഉണ്ടാകാൻ പാടില്ല

# അപകട സാദ്ധ്യതയുള്ള മരങ്ങളുണ്ടാകാൻ പാടില്ല

ജില്ലയിലെ അങ്കണവാടികൾ- 2938

ഫിറ്റ്നസ് ഇല്ലാത്തത്- 926

ജില്ലയിലെ എല്ലാ അങ്കണവാടികൾക്കും ഫിറ്റ്നസ് സർട്ടിഫിക്കറ്റുണ്ടെന്ന് ഉറപ്പുവരുത്തി ഈ മാസം 15നകം റിപ്പോർട്ട് സമർപ്പിക്കണം.

അനിത.പി

ഐ.സി.ഡി.എസ് ഓഫീസർ

കോഴിക്കോട്‌

Advertisement
Advertisement