ഇവിടെ നിന്ന് ജനങ്ങൾ കൂട്ടത്തോടെ വീട് ഉപേക്ഷിച്ച് പോകുന്നു

Saturday 08 June 2024 12:09 AM IST

പൂച്ചാക്കൽ : പാണാവള്ളി പഞ്ചായത്തിലെ തുരുത്ത് നിവാസികൾ അസൗകര്യങ്ങളിൽ പൊറുതിമുട്ടി നാടുവിടുന്നു. കുട്ടികളുടെ വിദ്യാഭ്യാസം,​ ചികിത്സ തുടങ്ങിയ കാര്യങ്ങളിലെ വെല്ലുവിളിയാണ് നാടുവിടാൻ അവരെ പ്രേരിപ്പിക്കുന്നത്. പാണാവള്ളി പഞ്ചായത്ത് എട്ടാം വാർഡിലെ അഞ്ചുതുരുത്ത്, കൊച്ചുകരി, ആഞ്ഞിലിതുരുത്ത്, മത്തായി തുരുത്ത്, മൈലം തുരുത്ത് എന്നിവിടങ്ങളിലെ താമസക്കാരാണ് അന്യനാടുപിടിക്കാൻ കാത്തിരിക്കുന്നത്.

വേമ്പനാട് കായലിന്റെ കൈവഴിയായ ഊടുപുഴയോട് ചേർന്നാണ് ഈ ചെറുദ്വീപുകളുള്ളത്. പാണാവള്ളിയിൽ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും ഉപജീവനത്തിനായി ഇവിടെ എത്തിയതാണ് ഇവരുടെ മുൻ തലമുറ. മത്സ്യബന്ധനമാണ് പ്രധാന തൊഴിലും വരുമാനവും. 172 കുടുംബങ്ങളുണ്ടായിരുന്ന തുരുത്തുകളിൽ അവശേഷിക്കുന്നത് 92 എണ്ണം മാത്രമാണ്.

സാമ്പത്തികമായി അല്പം ഭേദപ്പെടുമ്പോൾ പല കുടുംബങ്ങളും മറ്റു സ്ഥലങ്ങളിലേക്ക് ചേക്കേറും. മുമ്പ്, തുരുത്തിൽ അങ്കണവാടി ഉണ്ടായിരുന്നു. എന്നാൽ,​ കുട്ടികൾ കുറവാണെന്ന പേരിൽ അതും അടച്ചു പൂട്ടി.

92

തുരുത്തിൽ താമസിക്കുന്നത് 92 കുടുംബങ്ങൾ

അസൗകര്യങ്ങളിൽ പൊറുതിമുട്ടി

1. തുരുത്തിൽ ഒരു പെട്ടിക്കട പോലുമില്ല. പാണാവള്ളിയിൽ നിന്ന് ഊടുപുഴ വഴിയുള്ള കടത്തുവഞ്ചിയാണ് ഇവരുടെ യാത്രായാനം. രാവിലെ ഏഴു മുതൽ വൈകിട്ട് ഒമ്പത് വരെയാണ് സർവ്വീസ്

2. തലച്ചുമടായി മത്സ്യക്കച്ചവടം നടത്തുന്നവർക്കും മറ്റ് സ്ഥലങ്ങളിലെ മാർക്കറ്റുകളിൽ എത്തേണ്ടവർക്കും സ്വകാര്യവള്ളത്തിൽ പോകേണ്ടി വരുന്നത് ബുദ്ധിമുട്ടാണ്. അഞ്ചു തുരുത്തിലെ പട്ടിക വിഭാഗത്തിൽപ്പെട്ട 12 കുടുംബങ്ങൾ ഇപ്പോഴും കുടിലിലാണ് താമസം

3. തീരദേശ പരിപാലന നിയമം കാരണം വീടുകൾ പൊളിച്ച് പുതിയത് നിർമ്മിക്കാൻ സാധിക്കുന്നില്ല. കടത്ത് കടവിൽ നിന്ന് അഞ്ഞൂറ് മീറ്റർ അകലെയുള്ള റേഷൻ കടയും പലചരക്ക് കടയുമാണ് ദ്വീപുനിവാസികളുടെ ഏക ആശ്രയം

4. തുരുത്തിലെ ആർക്കെങ്കിലും അസുഖമുണ്ടായാൽ വഞ്ചിയിൽ കയറ്റി ഇക്കരെ എത്തിച്ച് വാഹനം വിളിച്ചുവേണം ആശുപത്രിയിലെത്തിക്കാൻ. വർഷകാലത്ത് കുട്ടികളുടെ സ്ക്കൂളിൽപോക്കും വെല്ലുവിളിയാണ്

തീരദേശ പരിപാലന നിയമംകാരണം പുതിയ നിർമ്മാണങ്ങൾ നടത്താൻ സാധിക്കുന്നില്ല. കടത്ത് സമയം വെളുപ്പിന് 5 മുതൽ രാത്രി 9 വരെ ആക്കിയാൽ മത്സ്യത്തൊഴിലാളികൾക്ക് സൗകര്യമാകും

-സാജു മാട്ടേൽ,​ വാർഡ് വികസന സമിതി കൺവീനർ

കായൽ ടൂറിസത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയാൽ തുരുത്ത് നിവാസികൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ സാധിക്കും. പാണാവള്ളി ഊടുപുഴ പാലം അടിയന്തരമായി നിർമ്മിക്കണം

-ലീനാബാബു,​ പഞ്ചായത്ത് മെമ്പർ

Advertisement
Advertisement