ഹോട്ടലുകള്‍ കൂട്ടത്തോടെ അടച്ച് പൂട്ടേണ്ടി വരും, ഉടമസ്ഥരെ വലയ്ക്കുന്ന കാരണം ഇതാണ്

Saturday 08 June 2024 12:27 AM IST

ആലപ്പുഴ: മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികളുടെയും സംഘടനകളുടെയും സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ഹോട്ടല്‍ മേഖല പ്രതിസന്ധിയിലായി. മാലിന്യ നീക്കം നിലച്ചതോടെ പല ഹോട്ടലുകളുടെയും ടാങ്കുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. സമരം ഇനിയും നീണ്ടുപോയാല്‍ പല ഹോട്ടലുകളും അടച്ചിടേണ്ടിവരും.

നല്ല രീതിയില്‍ കച്ചവടം നടക്കുന്ന ഒരു ഹോട്ടലില്‍ ദിവസം പതിനായിരം ലിറ്റര്‍ മലിനജലം ടാങ്കിലെത്തുന്നുണ്ടെന്നാണ് കണക്ക്. നൂറുകണക്കിന് പാത്രങ്ങള്‍ കഴുകുന്നതും ആഹാരം കഴിച്ച് കൈ കഴുകുന്നതുമെല്ലാം ചേര്‍ന്ന് ആയിരക്കണക്കിന് ലിറ്റര്‍ വെള്ളമാണ് മാലിന്യ ടാങ്കില്‍ നിറയുന്നത്. മാലിന്യനീക്കം സ്വന്തം ഉത്തരവാദിത്വത്തില്‍ വ്യാപാരികള്‍ നടത്തണമെന്ന് തദ്ദേശസ്ഥാപനങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശമുള്ളതിനാല്‍

മാലിന്യശേഖരണ വാഹനങ്ങളെ ഹോട്ടലുടമകള്‍ തന്നെയാണ് വിളിച്ചിരുന്നത്.

അനങ്ങാതെ ജില്ലാഭരണകൂടം

1. സമരം അഞ്ച് ദിവസം പിന്നിട്ടിട്ടും ഒത്തുതീര്‍പ്പ് മാര്‍ഗങ്ങളോ, പരിഹാര നടപടികളോ ജില്ലാ ഭരണകൂടം ഇതുവരെ കൈക്കൊണ്ടിട്ടില്ല. സമരം മുറുകിയാല്‍ വീണ്ടും പൊതുഇടങ്ങള്‍ മാലിന്യം കൊണ്ട് നിറയുമോയെന്ന ആശങ്കയുണ്ട്

2. ആലപ്പുഴ നഗരത്തിലെ പല ഹോട്ടലുകളിലെയും മലിനജലം കനാലുകളിലേക്കാണ് മുമ്പ് ഒഴുക്കിയിരുന്നത്. കനാല്‍ നവീകരണ പദ്ധതിയുടെ ഭാഗമായി ഓടകള്‍ അടച്ചതോടെയാണ് മാലിന്യ ശേഖരണ വാഹനങ്ങളെ ആശ്രയിച്ചു തുടങ്ങിയത്

3. പ്ലാസ്റ്റിക്ക്, അജൈവ മാലിന്യം നീക്കുന്നതിന് ധാരാളം സംവിധാനമുണ്ടെങ്കിലും മലിനജലവും കക്കൂസ് മാലിന്യവും നീക്കം ചെയ്യാന്‍ നിലവില്‍ മാലിന്യശേഖരണ വാഹനങ്ങള്‍ മാത്രമാണ് ആശ്രയം

ടൂറിസത്തെ ബാധിക്കും

നാട് കാണാനെത്തുന്ന സഞ്ചാരികള്‍ക്ക് പലപ്പോഴും ഗസ്റ്റ് ഹൗസ് സംവിധാനം കൂടിയാണ് ഭക്ഷണശാലകള്‍ നല്‍കുന്നത്. ടോയ്‌ലറ്റ് ഉപയോഗിക്കുന്നതില്‍ ആരെയും വിലക്കാറുമില്ല. എന്നാല്‍,? വരും ദിവസങ്ങളില്‍ ടാങ്ക് നിറഞ്ഞ് മലിനജലം പുറത്തേക്ക് ഒഴുകിയാല്‍ സ്ഥാപനം തന്നെ അടയ്‌ക്കേണ്ടി വരും. ഇത് വിനോദസഞ്ചാര മേഖലയെ ബാധിക്കും.

ജില്ലാഭരണകൂടം പ്രശ്‌നത്തില്‍ ഇടപെടണം. മലിനജലം നീക്കം ചെയ്യാതെ ഹോട്ടല്‍ വ്യവസായം മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കില്ല

- എസ്.കെ.നസീര്‍, സംസ്ഥാനകമ്മിറ്റിയംഗം, കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോ.

Advertisement
Advertisement