ഓപ്പറേഷൻ പ്രൈവറ്റ് പ്രാക്ടീസിൽ കുടുങ്ങി അഞ്ച് ഡോക്ടർമാർ

Saturday 08 June 2024 1:07 AM IST

കൊല്ലം: സർക്കാർ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്നവരെ കണ്ടെത്താൻ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ ജില്ലയിൽ അഞ്ച് ഡോക്ടർമാർ കുടുങ്ങി. നെടുങ്ങോലം താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടറും ജില്ലാ ആശുപത്രിയിലെ നാല് ഡോക്ടർമാരുമാണ് കുടുങ്ങിയത്.

നെടുങ്ങോലം താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജില്ലാ ജയിലിന് സമീപം പ്രൈവറ്റ് പ്രാക്ടീസ് നടത്തുന്നതിനിടെയാണ് കുടുങ്ങിയത്. ജില്ലാ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർ ആശുപത്രി പരിസരത്ത് തന്നെ പ്രൈവറ്റ് പ്രാക്ടീസ് നടത്തുകയായിരുന്നു. ഒരു ഡോക്ടർ ഇരുമ്പ് പാലത്തിന് സമീപത്ത് പ്രാക്ടീസ് നടത്തവെയും മറ്റൊരാൾ ജില്ലാ ജയിലിന് സമീപം പ്രാക്ടീസ് നടത്തവെയുമാണ് വിജിലൻസിന്റെ വലയിലായത്.

സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്ക് പ്രൈവറ്റ് പ്രാക്ടീസ് പൂർണമായും നിരോധിച്ചിരിക്കുകയാണ്. ഇതിന് പകരം അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം നോൺ പ്രാക്ടീസ് അലവൻസായി നൽകുന്നുണ്ട്. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിന് കീഴിലുള്ള ഡോക്ടർമാർ സ്വന്തം താമസ സ്ഥലത്ത് മാത്രമേ പ്രൈവറ്റ് പ്രാക്ടീസ് നടത്താവൂ. ഇതിന് വിരുദ്ധമായി പ്രൈവറ്റ് പ്രാക്ടീസ് നടക്കുന്നുവെന്ന പരാതികൾ വ്യാപകമായ പശ്ചാത്തലത്തിലായിരുന്നു വിജിലൻസ് പരിശോധന.

ഏതാനും ദിവസമായി ഡോക്ടർമാരെ നിരീക്ഷിച്ച് വരികയായിരുന്നു. പരാതി ശരിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് വിജിലൻസ് സംഘം ഡോക്ടർമാരെ കൈയോടെ പിടികൂടിയത്. വിജിലൻസ് ഡയക്ടറേറ്റ് റിപ്പോർട്ട് ആരോഗ്യവകുപ്പിന് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിൽ വിശദീകരണം ആവശ്യപ്പെടും.

Advertisement
Advertisement