പരിചരിക്കാൻ അരികിലെത്തും കുടുംബശ്രീ കെ ഫോർ കെയർ

Saturday 08 June 2024 1:10 AM IST

കൊല്ലം: രോഗികൾ, വൃദ്ധർ, ഭിന്നശേഷിക്കാർ, കുട്ടികൾ എന്നിവർക്ക് കൈത്താങ്ങാകുന്ന കുടുംബശ്രീയുടെ കെ ഫോർ കെയർ പദ്ധതിക്ക് ജില്ലയിൽ തുടക്കം. ആദ്യഘട്ടത്തിൽ പ്രത്യേക പരിശീലനം നേടിയ 30 പേരടങ്ങുന്ന സംഘത്തെ സേവനങ്ങൾക്കായി തിരഞ്ഞെടുത്തു. ഇതിൽ അഞ്ചുപേരെ വിവിധ സേവനങ്ങൾക്കായി നിയോഗിച്ചു.

മണിക്കൂർ, ദിവസ, മാസ അടിസ്ഥാനത്തിൽ സേവനങ്ങൾ ലഭ്യമാകും. സേവനം നൽകുന്നവർക്ക് ഭക്ഷണം, വിശ്രമത്തിന് സുരക്ഷിതമായ സ്ഥലം, മറ്റ് പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ എന്നിവ വീട്ടുകാർ ഉറപ്പാക്കണം.

തുടക്കത്തിൽ 150 ഓളം പേരാണ് സേവന സന്നദ്ധത അറിയിച്ചത്. ഇതിൽ 137 പേരെ ഉൾപ്പെടുത്തുകയും 57 പേർക്ക് പരിശീലനം നൽകുകയും ചെയ്തു. ഇതിൽ 30 പേരെയാണ് ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്തത്. പത്താം ക്ളാസ് പൂർത്തീകരിച്ച 18 നും 55 നും ഇടയിൽ പ്രായമുള്ള കുടുംബശ്രീ അയൽകൂട്ട, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളെയാണ് പരിഗണിക്കുന്നത്. പർപ്പിൾ നിറത്തിലുള്ള ടോപ്പും കറുത്ത പാന്റ്‌സുമായിരിക്കും യൂണിഫോം.

കുടുംബശ്രീ സംസ്ഥാന മിഷൻ കണ്ടെത്തുന്ന ബിസിനസ് കൺസൾട്ടെൻസുമായി കരാറിൽ ഏർപ്പെട്ടാകും പദ്ധതി നിർവഹണം. പരിശീലനം, പ്ളേസ്‌മെന്റ് അടക്കമുള്ളവ കൺസൾട്ടൻസിയായിരിക്കും നൽകുക.

പ്രതിഫലം

ഒരു മണിക്കൂർ 200 രൂപ

2 മണിക്കൂർ 350 രൂപ

പകുതി ദിവസം (പരമാവധി 4 മണിക്കൂർ) 500 രൂപ

8 മണിക്കൂർ 750 രൂപ

24 മണിക്കൂർ 1000 രൂപ

15 ദിവസം 12000 രൂപ

30 ദിവസം 22000 രൂപ

കിടപ്പ് രോഗി പരിചരണം

ഒരു മണിക്കൂർ 250 രൂപ

2 മണിക്കൂർ 400 രൂപ

പകുതി ദിവസം (പരമാവധി 4 മണിക്കൂർ) 750 രൂപ

8 മണിക്കൂർ 1000 രൂപ

24 മണിക്കൂർ 1200 രൂപ

15 ദിവസം 15000 രൂപ

30 ദിവസം 25000 രൂപ

പൊതുജനങ്ങൾക്ക് സേവനം ആവശ്യപ്പെട്ട് കെ ഫോർ കെയർ എക്സിക്യുട്ടീവുമായി ബന്ധപ്പെടാൻ ജില്ലാ തലത്തിൽ കാൾ സെന്റർ ആരംഭിക്കും.

കുടുംബശ്രീ ജില്ലാ മിഷൻ അധികൃതർ

Advertisement
Advertisement