അപകടം അരയ്‌ക്ക് താഴെ തളർത്തി, നിശ്ചയദാർഢ്യം അദ്ധ്യാപകനാക്കി

Saturday 08 June 2024 1:12 AM IST
പ്രതാപൻ ഭാര്യ രജനിയോടൊപ്പം

കൊല്ലം: അപകടത്തിൽ അരയ്‌ക്ക് താഴെ തളർന്നെങ്കിലും തോൽക്കാത്ത മനസുമായി പഠിച്ച് അദ്ധ്യാപകനായി പെരുമൺ എസ്.ആർ.കെ.എസ്.ടി യു.പി.എസിലെ കുട്ടികൾക്ക് അറിവ് പകർന്നു നൽകുകയാണ് ആർ.വി.പ്രതാപൻ (40). 18 വർഷം മുമ്പുണ്ടായ അപകടമാണ് വാളത്തുംഗൽ സ്വദേശി പ്രതാപനെ കിടക്കയിലാക്കിയത്.

എൽ.ഐ.സി ഏജന്റായിരുന്ന പ്രതാപൻ ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് കാറിടിച്ച് ഗുരുതരമായി പരിക്കേറ്റത്.

നട്ടെല്ലിനുൾപ്പെടെ നാലോളം ശസ്ത്രക്രിയകൾ. അപകടത്തിൽ സ്‌പൈനൽ കോഡ് മുറിഞ്ഞതോടെ ചലനശേഷി നഷ്ടപ്പെട്ടു. എട്ടുവർഷത്തോളം ഒരേ കിടപ്പ്. 2014ൽ വീൽച്ചെയർ ഒപ്പം കൂട്ടി യാത്ര തുടങ്ങി. പഠനമായിരുന്നു ലക്ഷ്യം.

മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ ഹിന്ദിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടി. കഴിഞ്ഞ വർഷം തേവള്ളി ബി.എഡ് കോളേജിൽ നിന്ന് ബി.എഡും സ്വന്തമാക്കി. കഴിഞ്ഞ ഡിസംബറിലാണ് അദ്ധ്യാപകനായത്. സ്‌കൂളിലേക്കുള്ള യാത്രയിൽ ഭാര്യ രജനിയും ഒപ്പമുണ്ടാകും. അക്ഷയ്,ലക്ഷ്മി എന്നിവരാണ് മക്കൾ. വാളത്തുംഗൽ ഗോകുലത്തിൽ രാഘവൻപിള്ളയുടെയും വത്സലകുമാരിയുടെയും മകനാണ്.

15 മിനിറ്റ് ചോര വാർന്ന് റോഡിൽ

2006 ഏപ്രിൽ 22 വൈകിട്ട് 5.30ന് മേവറത്തുണ്ടായ അപകടത്തിൽ പതിനഞ്ച് മിനിറ്റോളം റോഡിൽ ചോര വാർന്ന് കിടന്നു. അതുവഴിയെത്തിയ ഓട്ടോ അവസാനം തുണയായി. വിവിധ സ്വകാര്യ ആശുപത്രികളിലായിരുന്നു ചികിത്സ. ഇപ്പോൾ ഫിസിയോതെറാപ്പി മാത്രമാണ് ചെയ്യുന്നത്. ഓൾ കേരള വീൽചെയർ റൈറ്റസ് ഫെഡറേഷന്റെയും സുകൃതം ചാരിറ്റബിൾ സൊസൈറ്റിയുടെയും ജില്ലാ സെക്രട്ടറിയും സിംഗിംഗ് ആർട്ടിസ്റ്റ് അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമാണ്.

ചെറുപ്പം മുതൽ പാടാൻ ഇഷ്ടമായിരുന്നു. 2015ൽ കൊല്ലം ചോയ്സ് വോയ്സ് എന്ന

സംഗീത ട്രൂപ്പ് തുടങ്ങി. ഇതിനോടകം 200ഓളം സ്റ്റേജുകളിൽ പരിപാടി അവതരിപ്പിച്ചു.

ആർ.വി.പ്രതാപൻ

Advertisement
Advertisement