റോഡ് ഷോയിൽ വനിത ലീഗ് പ്രവർത്തകർക്ക് വിലക്ക് ലീഗ് നേതാവിന്റെ ശബ്ദസന്ദേശം പുറത്തായി

Saturday 08 June 2024 1:18 AM IST

കണ്ണൂർ: പാനൂരിൽ വടകര എം.പി ഷാഫി പറമ്പിലിന്റെ വിജയാഘോഷ റോഡ് ഷോയിൽ പങ്കെടുക്കുന്നതിൽ വനിതാ ലീഗ് പ്രവർത്തകർക്ക് വിലക്ക് ഏർപ്പെടുത്തിയ മുസ്ലിം ലീഗ് നേതാവിന്റെ ശബ്ദ സന്ദേശം വിവാദത്തിലായി. ലീഗ് കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദിന്റെ ശബ്ദ സന്ദേശമാണ് പുറത്തായത്. ഇന്നലെയായിരുന്നു യു.ഡി.എഫ് കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച റോഡ് ഷോ.

വനിതാ ലീഗ് പ്രവർത്തകരുടെ സാന്നിദ്ധ്യം ഉണ്ടാകണമെന്നും എന്നാൽ റോഡ് ഷോയിലും പ്രകടനത്തിലും പങ്കെടുക്കേണ്ടതില്ലെന്നുമായിരുന്നു സന്ദേശം. അടുക്കും ചിട്ടയുമുള്ള ആഘോഷം മതി. വനിതാ ലീഗ് പ്രവർത്തകർ അഭിവാദ്യം അർപ്പിച്ചാൽ മാത്രം മതി. മതപരമായ നിയന്ത്രണം ആവേശത്തിമിർപ്പിന് അനുവദിക്കുന്നില്ല. വനിതാ പ്രവർത്തകർ ആക്ഷേപം വരാതെ ജാഗ്രത പുലർത്തണം. മറ്റ് രാഷ്ട്രീയ പാർട്ടിയിലെ വനിതകൾ കാണിക്കുന്ന ആവേശം നമുക്ക് പാടില്ല തുടങ്ങിയ നിർദ്ദേശങ്ങളാണ് നൽകിയത്.

അനുഭവങ്ങളുടെ വെളിച്ചത്തിലാണ് നിർദ്ദേശമെന്നും പറയുന്നുണ്ട്. വോട്ടെണ്ണൽ ദിവസം പാനൂരിൽ വനിതാ ലീഗ് പ്രവർത്തകർ നൃത്തം ചെയ്ത് ആഘോഷിച്ചതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് ശബ്ദസന്ദേശം പുറത്തു വന്നത്.

'നൽകിയത് ജാഗ്രത

വേണമെന്ന നിർദ്ദേശം'

ശബ്ദസന്ദേശം വിവാദമായതോടെ വിശദീകരണവുമായി ഷാഹുൽ ഹമീദ് രംഗത്തെത്തി. മുസ്ലിം സ്ത്രീകൾ പൊതുപരിപാടിയിൽ പാലിക്കേണ്ട മതവിധിയുണ്ടെന്നും അതിൽ ജാഗ്രത വേണമെന്ന നിർദ്ദേശം മാത്രമാണ് നൽകിയതെന്നും ഷാഹുൽ ഹമീദ് പറഞ്ഞു. മുസ്ലീം ലീഗിന് രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം മതപരമായ ചില നിഷ്‌കർഷത കൂടി പുലർത്തേണ്ടതുണ്ടെന്നും വ്യക്തമാക്കി.

Advertisement
Advertisement