പി​ന്നാക്ക വോട്ടുകൾ ഇടതി​ന് നഷ്ടമാക്കിയത് മുസ്ലിം പ്രീണനം: വെള്ളാപ്പള്ളി​

Saturday 08 June 2024 1:54 AM IST

കോലഞ്ചേരി: ഇടതുപക്ഷത്തിന് ലഭിച്ചിരുന്ന പിന്നാക്കക്കാരുടെയും പട്ടിക വിഭാഗക്കാരുടെയും വോട്ടുകൾ അവർക്ക് കിട്ടാതെ പോയതിന് കാരണം അതിരു വിട്ട മുസ്ലിം പ്രീണനമാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം കുന്നത്തുനാട് യൂണിയനിലെ ശാഖാ ഭാരവാഹികളുടെ നേതൃത്വ പരിശീലന ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പിന്നാക്കക്കാർക്കും പട്ടികജാതിക്കാർക്കും വേണ്ടത്ര പരിഗണന കിട്ടാതെ വരുന്നതിന്റെ പരിണിത ഫലമാണ് ദയനീയ പരാജയം. പരമ്പരാഗതമായി ഇടതുപക്ഷത്തിനൊപ്പം നിന്നവരാണ് പിന്നാക്ക, പട്ടികവിഭാഗക്കാർ. അവരെ അവഗണിച്ച് ന്യൂനപക്ഷങ്ങളെ

പ്രീണിപ്പിക്കാനായിരുന്നു ഇടതുപക്ഷശ്രമം. അവർ ചോദിച്ചതെല്ലാം വാരി​ക്കോരി​ നൽകി​. ന്യൂനപക്ഷങ്ങൾ ഇടതുപക്ഷത്തേക്ക് വന്നാൽ അവർക്ക് ഡബിൾ പ്രൊമോഷനാണ്. തങ്ങൾ ചോരയും നീരും കൊടുത്തു വളർത്തിയ പ്രസ്ഥാനത്തിൽ പിന്നാക്ക സമൂഹം അവഗണിക്കപ്പെട്ടു.

യു.ഡി.എഫ് തുടർന്നുവന്ന ന്യൂനപക്ഷ പ്രീണനം എൽ.ഡി.എഫും ഏറ്റെടുത്തതോടെ ഗത്യന്തരമില്ലാതെയാണ് പിന്നാക്ക ജനസമൂഹം ഇടതുപക്ഷത്തെ വിട്ട് മറ്റ് മാർഗങ്ങൾ തേടിയത്. അതിന്റെ തെളിവാണ് തൃശൂരും കോട്ടയത്തും ആറ്റിങ്ങലും കണ്ടത്.

കോൺഗ്രസിൽ ഈഴവ സമുദായത്തിൽ നിന്ന് ഒരു എം.എൽ.എ മാത്രമേയുള്ളൂ. കോട്ടയം, ആലപ്പുഴ, എറണാകുളം ജി​ല്ലകളിലെ ഇടത് എം.എൽ.എമാരി​ൽ ഓരോ ഈഴവർ മാത്രമാണുള്ളത്. സംസ്ഥാനത്തെ 14 സർവകലാശാല വൈസ് ചാൻസലർമാരി​ലും

പി​.എസ്.സി​ അംഗങ്ങളി​ലും ദേവസ്വം ബോർഡുകളി​ലും ഈഴവ പ്രതി​നി​ദ്ധ്യം നാമമാത്രം പോലുമി​ല്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ അദ്ധ്യക്ഷനായി.

Advertisement
Advertisement