മുഖ്യമന്ത്രിക്ക് ധാർഷ്ട്യം: സമസ്ത മുഖപത്രം

Saturday 08 June 2024 2:53 AM IST

□സി.പി.എം ജന മനസുകളിൽ നിന്ന് പിഴുതെറിയപ്പെട്ടു

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ, സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമർശിച്ച് സമസ്ത മുഖപത്രം 'സുപ്രഭാതം". മുഖ്യമന്ത്രി പിണറായി വിജയന്റെ ധാർഷ്ട്യം മുതൽ എസ്.എഫ്‌.ഐയുടെ അക്രമ രാഷ്ട്രീയം വരെ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചെന്ന് വിമർശിച്ച മുഖപ്രസംഗത്തിൽ മുസ്ളിം ലീഗിന്റെ വിജയത്തെ പ്രശംസിച്ചു.

എണ്ണിയെണ്ണി പറയാവുന്ന ഒരുപാട് ഘടകങ്ങളുടെ അനന്തരഫലമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളമെഴുതിയ വിധി. ജനമനസ്സുകളിൽ നിന്ന് എന്തുകൊണ്ട് സർക്കാരും സി.പി.എമ്മും പിഴുതെറിയപ്പെട്ടു എന്നത് വിശകലനം ചെയ്യേണ്ടതുണ്ട്. പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കുമെന്ന പിണറായി വിജയന്റെ പ്രസ്താവനയെ മാറ്റത്തിന്റെ സൂചനയായി കാണാം. 2019ൽ സമാന തിരഞ്ഞെടുപ്പ് വിധിയുണ്ടായപ്പോൾ 'എന്റെ ശൈലി എന്റെ ശൈലിയാണ്, അതിൽ മാറ്റമുണ്ടാകില്ല" എന്നു പറഞ്ഞ പിണറായി, തിരുത്താനുണ്ടെങ്കിൽ തിരുത്തുമെന്ന് പറയുന്നത് സ്വാഗതാർഹമാണ്. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളാണ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായത്. അസഹിഷ്ണുതയുടെയും ധാർഷ്ട്യത്തിന്റെയും വക്താക്കളായി സി.പി.എം നേതാക്കൾ നിറഞ്ഞാടി. ആരോഗ്യ വകുപ്പ് ഉൾപ്പെടെ കുത്തഴിഞ്ഞിട്ടും ഭരണകൂടം അനങ്ങിയില്ല. മുഖ്യമന്ത്രിക്ക് ആഭ്യന്തരവകുപ്പിന്റെ ചുമതലയുണ്ടായിട്ടും പൊലീസ് രാജിൽ സംസ്ഥാനത്ത് പൗരാവകാശം ചവിട്ടി അരയ്ക്കപ്പെട്ടെന്നും മുഖപത്രം കുറ്റപ്പെടുത്തി.

Advertisement
Advertisement