പിതൃത്വം അംഗീകരിച്ച ശേഷം നിഷേധിക്കാനാവില്ല

Saturday 08 June 2024 2:57 AM IST

കൊച്ചി: കുട്ടിയുടെ പിതൃത്വം ഒരിക്കൽ അംഗീകരിച്ച ശേഷം പിന്നീട് നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി. പെരുമാറ്റത്തിലൂടെയും മറ്റും അങ്ങനെ ബോദ്ധ്യപ്പെടുത്തിയ ശേഷം നിഷേധിക്കുമ്പോൾ കുട്ടിക്കുണ്ടാവുന്ന മാനസികാഘാതം വലുതാണ്. ദീർഘകാലമായി അംഗീകരിക്കപ്പെട്ട രക്ഷാകർതൃത്വം കോടതി മുമ്പാകെ ചോദ്യംചെയ്യാനാവില്ലെന്നും സ്വന്തം വ്യക്തിത്വവും സ്വകാര്യവിവരങ്ങളും സംരക്ഷിക്കാൻ കുട്ടിക്കുള്ള നിയമപരമായ അവകാശത്തെ മാനിക്കണമെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് പി.എം. മനോജ് എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് പറഞ്ഞു.

കുടുംബ കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് കണ്ണൂർ സ്വദേശി എ.ജെ. സ്റ്റീഫൻ നൽകിയ ഹർജി തള്ളി. ഇപ്പോൾ പത്തുവയസുള്ള മകളുടെ പിതൃത്വം ബോദ്ധ്യപ്പെടാൻ ഡി.എൻ.എ പരിശോധന വേണമെന്നായിരുന്നു ആവശ്യം. എന്നാൽ പരാതിക്കാരനാണ് യഥാർത്ഥ പ്രതിയെന്ന് പ്രോസിക്യൂഷൻ ബോധിപ്പിച്ചു. ആന്ധ്രാപ്രദേശിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നഴ്‌സറി അദ്ധ്യാപികയായിരിക്കെ സ്ഥാപന നടത്തിപ്പുകാരനായ സ്റ്റീഫൻ കുട്ടിയുടെ മാതാവിനെ പലതവണ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസ് 2014ൽ രജിസ്റ്റർ ചെയ്തിരുന്നു.

യുവതി വേറെ വിവാഹം കഴിച്ചെങ്കിലും അഞ്ചരമാസം ഗർഭിണിയാണെന്നറിഞ്ഞ് ഭർത്താവ് ഉപേക്ഷിച്ചു. തുടർന്ന് സ്റ്റീഫനെതിരെ മാനഭംഗക്കേസ് ഫയൽ ചെയ്‌തെങ്കിലും വിചാരണയ്ക്കിടെ ഇയാൾ ഒത്തുതീർപ്പിന് തയ്യാറായതോടെ കേസ് പിൻവലിച്ചു. പിന്നീട് പ്രതിയിൽനിന്ന് ജീവനാംശം വേണമെന്നും പിതൃത്വം തെളിയിക്കാൻ ഡി.എൻ.എ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് കുട്ടി കുടുംബകോടതിയെ സമീപിച്ചു. പ്രതി ഹാജരാകാതിരുന്നതിനെത്തുടർന്ന് 2016ൽ കുട്ടിക്ക് അനുകൂലമായ ഉത്തരവുണ്ടായി. ഉത്തരവ് പുനഃപരിശോധിക്കാൻ ഇയാൾ കോടതിയെ സമീപിച്ചെങ്കിലും 10,000 രൂപ കെട്ടിവയ്ക്കണമെന്ന ഉപാധി അംഗീകരിച്ചില്ല. 2014 മുതൽ കുട്ടിക്ക് 5000രൂപ ജീവനാംശം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. കുട്ടിയുടെ മാതാവിന്റെ വാദങ്ങൾ ശരിയാണെന്നും കണ്ടെത്തി. പിതൃത്വം തെളിയിക്കണമെന്ന ആവശ്യവുമായി 2022 ഒക്ടോബർ ഒന്നിനാണ് ഇയാൾ കുടുംബകോടതിയെ സമീപിച്ചത്. പ്രതി പലകാര്യങ്ങളും മറച്ചുവച്ചെന്ന് കുറ്റപ്പെടുത്തിയ കോടതി , ആവശ്യം തള്ളുകയായിരുന്നു.

Advertisement
Advertisement