സ്കൂളുകൾ മിക്സഡാക്കാൻ മാർഗ നിർദ്ദേശങ്ങൾ

Saturday 08 June 2024 3:01 AM IST

തിരുവനന്തപുരം : 2021 മുതൽ മിക്സഡ് ആക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് അനുമതി നൽകിയത് 53 സ്‌കൂളുകൾക്കാണെന്ന് മന്ത്രി വി.ശിവൻകുട്ടി. 26 എണ്ണം സർക്കാർ സ്‌കൂളുകളും 27 എണ്ണം എയ്ഡഡ് സ്‌കൂളുകളുമാണ്. എൽ.പി, യു.പി, ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മാത്രമായും സർക്കാർ/എയ്ഡഡ് മേഖലയിൽ നിരവധി സ്‌ക്കൂളുകളുണ്ട്. ഇവയിൽ പലതും മിക്സഡ് ആക്കണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകൾ ലഭിക്കുന്നുണ്ട്.

ലിംഗസമത്വം ഉറപ്പുവരുത്തുക, സഹവിദ്യാഭ്യാസം പ്രോത്‌സാഹിപ്പിക്കുക എന്നിവ സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. മിക്സഡ് ആക്കുന്നതിനുള്ള അപേക്ഷകൾ പരിശോധിച്ചു തീരുമാനമെടുക്കാൻ പൊതുവിദ്യാഭ്യാസവകുപ്പ് പുറപ്പെടുവിച്ചിരിക്കുന്ന മാർഗനിർദ്ദേശങ്ങൾ ഇവ:.

 കെ.ഇ.ആർ വ്യവസ്ഥകൾ പ്രകാരം ക്ലാസ് റൂമുകൾ, ഫർണിച്ചർ സൗകര്യങ്ങൾ, കുടിവെള്ളം

സുരക്ഷിതത്വമുള്ള രീതിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലറ്റ്

മതിയായ കളിസ്ഥലം

സർക്കാർ സ്‌കൂളുകളെ സംബന്ധിച്ച് പി.ടി.എയുടെ അപേക്ഷ, ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തിന്റെ അംഗീകാരം, ജില്ലാ വിദ്യാഭ്യാസ ഓഫീസർ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവരുടെ സ്‌കൂൾ സന്ദർശനത്തിന്റെ അടിസ്ഥാനത്തിലുള്ള ശുപാർശ

മിക്സഡാക്കുന്നതിനു ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുണ്ടെന്നു ജില്ലാ വിദ്യാഭ്യാസ ഓഫീസർ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രത്യേകം രേഖപ്പെടുത്തിയിരിക്കണം

എയ്ഡഡ് സ്‌കൂളുകളുടെ കാര്യത്തിൽ മാനേജരുടെ അപേക്ഷയും ഉണ്ടായിരിക്കണം

എല്ലാ ശുപാർശയും പൊതുവിദ്യാഭ്യാസഡയറക്ടർ മുഖാന്തരമാണ് സമർപ്പിക്കേണ്ടത്. പ്രസ്തുത സ്‌കൂളിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ (കുട്ടികളുടെ/അധ്യാപകരുടെ/മറ്റു സ്റ്റാഫുകളുടെ എണ്ണം, സർക്കാർ/എയ്ഡഡ്/അൺ എയ്ഡഡ് സ്‌കൂളുകളുടെ വിശദവിവരം, സംരക്ഷിത അധ്യാപകരുടെ വിശദവിവരം) ഉൾപ്പെടുത്തിയിരിക്കണം.

Advertisement
Advertisement