പാകിസ്ഥാനെ പറപ്പിച്ച യ.എസിന്റെ ഇന്ത്യൻ എൻജിനീയറിംഗ്

Saturday 08 June 2024 3:04 AM IST

ണ്ടാം കിരീടം തേടിയെത്തിയ പാകിസ്ഥാനെ ആദ്യ മത്സരത്തിൽ തന്നെ തരിപ്പണമാക്കിയ യു.എസിന്റെ കുന്തമുനയായത് സൗരഭ് നേത്രവാൽക്കർ എന്ന മുംബയ്‌ക്കാരനാണ്. 4 ഓവറിൽ 18റൺസ് മാത്രം നൽകി 2 വിക്കറ്റ് വീഴ്ത്തിയ സൗരഭ്

സൂപ്പർ ഓവറിൽ യു.എസ് നേടിയ 18 റൺസ് സമർത്ഥമായി പ്രതിരോധിച്ച് ടീമിന് വിജയവും സമ്മാനിച്ചു.

2010 അണ്ടർ 19 ലോകകപ്പിൽ കെ.എൽ രാഹുൽ, മായങ്ക് അഗർവാൾ, ജയദേവ് ഉനദ്കഡ് എന്നിവർക്കൊപ്പം ഇന്ത്യൻ ജേഴ്സിയിൽ സൗരഭുമുണ്ടായിരുന്നു. 6 മത്സരങ്ങളിൽ നിന്ന് 9 വിക്കറ്റ് വീഴ്ത്തിയ സൗരഭ് തന്നെയായിരുന്നു ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ താരം. മുംബയ് ജൂനിയർ ടീമുകൾക്കായി കളിച്ച് തുടങ്ങിയ സൗരഭ് അണ്ടർ 19 ലോകകപ്പിന് ശേഷം രഞ്ജി ട്രോഫിയിൽ ഉൾപ്പെടെ കളിച്ചു. ഇന്ത്യൻ താരം സൂര്യകുമാർ യാദവിന്റെ അടുത്ത സുഹൃത്ത് കൂടിയാണ് സൗരഭ്. എന്നാൽ ഇന്ത്യയിൽ അവസരം കുറഞ്ഞതോടെ പഠിക്കാൻ മിടുക്കനായിരുന്ന സൗരഭ് വീണ്ടും പഠനം ഗൗരവമായി എടുത്തു. 2015ൽ കോർണൽ സർവകലാശാലിയിൽ കമ്പ്യൂട്ടർ സയൻസിൽ മാസ്റ്റേഴ്സ് ചെയ്യുന്നതിനായാണ് സൗരഭ് യു.എസിലേക്ക് കുടിയേറിയത്.നിലവിൽ പ്രമുഖ അമേരിക്കൻ കമ്പനിയായ ഒറക്കിളിൽ സോഫ്‌റ്റ് വെയർ എൻജിനീയറായ സൗരഭ് യു.എസിലും തന്റെ പാഷനായ ക്രിക്കറ്റിനെ കൂടെകൂട്ടുകയായിരുന്നു.

സാൻ ഫ്രാൻസിസ്കോയിൽ ജോലി ചെയ്യുന്ന സൗരഭ് അവിടത്തെ മാർട്ടിൻ ക്രിക്കറ്റ് ക്ലബിൽ വച്ച്ഗുജറാത്തി ഓൾറൗണ്ടറും യു.എസ് ടീമിന്റെ വൈസ് ക്യാപ്ടനുമായിരുന്ന തിമിൽ പട്ടേലിനെ കണ്ടുമുട്ടിയത് കരിയറിൽ വഴിത്തിരിവായി. അദ്ദേഹം ലോസ് ഏഞ്ചൽസിലെ വിജേതാ ക്രിക്കറ്റ് ക്ലബിൽ സൗരഭിനെ പരിചപ്പെടുത്തി. അവിടെ യഥാർത്ഥ ടർഫ് വിക്കറ്റുകളുണ്ടായിരുന്നു. വിക്കെന്റിൽ അവിടെ യു.എസിലെ പ്രമുഖ താരങ്ങളെല്ലാം പങ്കെടുക്കുന്ന പ്രൈസ് മണി ടൂർണമെന്റിൽ കളിക്കാനായത് സൗരഭിന് വലിയ ഗുണമാവുകയായിരുന്നു.

Advertisement
Advertisement