പാചകവാതക ട്രക്ക് വേതനം പുതുക്കി

Saturday 08 June 2024 3:08 AM IST

തിരുവനന്തപുരം: പാചകവാതക പ്ലാന്റുകളിൽ നിന്നു ഗ്യാസ് ഏജൻസികളിലേക്കു സിലിണ്ടർ കൊണ്ടുപോകുന്ന ട്രക്കുകളിലെ തൊഴിലാളികളുടെ വേതനം സംബന്ധിച്ച തർക്കം പരിഹരിച്ചു.
സാധാരണ ട്രക്ക് ഡ്രൈവർമാർക്ക് ആദ്യ മൂന്നുവർഷം 200 കിലോമീറ്റർ ലോക്കൽ ട്രിപ്പിന് 1365 രൂപയും തുടർന്നുള്ള ഒരു വർഷത്തേക്ക് 1415 രൂപയും അഞ്ചാം വർഷത്തിന്റെ ആദ്യ പകുതിയിൽ 1475 രൂപയും രണ്ടാം പകുതിയിൽ 1550 രൂപയും വേതനം ലഭിക്കും. ടോറസ് ട്രക്ക് ഡ്രൈവർമാർക്ക് ഇത് യഥാക്രമം 1675, 1725, 1785, 1860 എന്ന നിരക്കിലായിരിക്കും ലഭിക്കുക.

അഡി. ലേബർ കമ്മിഷണർ (ഇൻഡസ്ട്രിയൽ റിലേഷൻസ്) കെ. ശ്രീലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇരുന്നൂറ് കിലോമീറ്ററിന് മുകളിലുള്ള ട്രിപ്പുകൾക്കു ഓരോ കിലോമീറ്ററിനും സാധാരണ ട്രക്കുകൾക്ക് ആറുരൂപയും ടോറസുകൾക്ക് ഏഴു രൂപയും കിലോമീറ്റർ ബാറ്റയായി ലഭിക്കും. ക്ലീനർമാർക്ക് അഞ്ചുവർഷത്തേക്ക് സാധാരണ ട്രക്കുകൾക്ക് 600 രൂപയും ടോറസ് ട്രക്കുകൾക്ക് 700 രൂപയുമാണ് വേതനം. കേരളത്തിൽ നിന്നു പുറത്തേക്ക് പോകുന്ന ട്രക്കുകൾക്കും പുറത്തുള്ള പ്ലാന്റുകളിൽ നിന്നു കേരളത്തിലേക്കെത്തുന്ന ട്രക്കുകൾക്കും വ്യവസ്ഥകൾ ബാധകം.

Advertisement
Advertisement