ഉറക്കത്തിനിടെ ഫോണെന്ന് കരുതി ഹലോ പറഞ്ഞത് പാമ്പിനെയെടുത്ത്; കയ്യിലെടുത്തത് ഉഗ്രവിഷമുള്ള മോതിരവളയനെ

Saturday 08 June 2024 12:45 PM IST

ആലപ്പുഴ: രാത്രിയിൽ ഉറക്കത്തിനിടെ റിംഗ് ചെയ്ത മൊബൈൽ ഫോണിനുപകരം വിഷപ്പാമ്പിനെ കൈയിലെടുത്തയാൾ കടിയേൽക്കാതെ രക്ഷപ്പെട്ടു. തിരുവല്ല ബിലീവേഴ്‌സ് ആശുപത്രി ജീവനക്കാരനായ മാന്നാർ കുരട്ടിക്കാട് മൂശാരിപ്പറമ്പിൽ കെ.എം.ഹസനാണ് വ്യാഴാഴ്ച രാത്രിയിൽ ജോലി കഴിഞ്ഞെത്തി ഉറങ്ങുന്നതിനിടയിൽ അബദ്ധം പിണഞ്ഞത്.

രാത്രി പതിനൊന്ന് മണിയോടെ റിംഗ് ചെയ്തത് കേട്ട് സമീപത്തു വെച്ചിരുന്ന മൊബൈൽ ഫോണിനു പകരം പാമ്പിനെയാണ് പിടിച്ചത്. അസ്വാഭാവികത തോന്നി നോക്കിയപ്പോൾ ഉഗ്രവിഷമുള്ള മോതിര വളയൻ പാമ്പാണ് കൈയിലുള്ളതെന്ന് മനസിലായി. ഉടൻ തന്നെ പേടിയോടെ വലിച്ചെറിഞ്ഞ പാമ്പ് ഇഴഞ്ഞ് പുറത്തേക്കിറങ്ങിപ്പോയി.

ചൂട് കാരണം സിറ്റൗട്ടിൽ ബെഡ് വിരിച്ചാണ് ഹസൻ കിടന്നത്. പിടുത്തം തലയിലായതിനാലാണ് പാമ്പിന്റെ കടിയേൽക്കാതെ രക്ഷപ്പെട്ടത്. കുരട്ടിക്കാട് ശ്‌മശാനം റോഡിനോട് ചേർന്നാണ് ഹസൻ താമസിക്കുന്നത്. ഇവിടെ കാടുപിടിച്ചു കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യം ഏറെയാണെന്ന് നാട്ടുകാർ പറയുന്നു.

പാമ്പിനെ അകറ്റാൻ

മാസത്തിലൊരിക്കൽ മിനറൽ വാട്ടറിന്റെ കുപ്പിയിൽ കാൽ ഭാഗം ഡീസലും, ബാക്കി വെള്ളവും ഒഴിച്ച് ചുറ്റും സ്‌പ്രേ ചെയ്താൽ പാമ്പിന്റെ ശല്യം അകറ്റാൻ സാധിക്കും.

വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുക. കരിയില, തടികള്‍, ഓല, കല്ലും കട്ടയും, പ്ലാസ്റ്റിക് വസ്തുക്കള്‍ എന്നിവ കൂടി കിടക്കുന്ന സ്ഥലങ്ങള്‍ പാമ്പുകളെ ആകർഷിക്കുന്ന ഇടങ്ങളാണ്. ഇവയ്ക്കുള്ളില്‍ പാമ്പുകള്‍ കയറി കിടന്നാലും പെട്ടെന്ന് അറിയാന്‍ സാധിക്കില്ല. വീടിന്റെ പരിസരത്തോ ജനലുകള്‍ക്ക് അരികിലോ ഇവ കൂട്ടി ഇടരുത്. വീട്ടുപരിസരത്തു വെള്ളം കെട്ടികിടക്കാന്‍ അനുവദിക്കരുത്. വെള്ളത്തിന്റെ സാന്നിധ്യം പാമ്പുകളെ ആകര്‍ഷിക്കും. പാമ്പുശല്യമുള്ള പ്രദേശങ്ങളിൽ വെളുത്തുള്ളി ചതച്ചിടുന്നതും കുന്തിരിക്കം പുകയ്ക്കുന്നതും പാമ്പുകളെ അകറ്റാൻ സഹായിക്കും.

Advertisement
Advertisement