'സംസ്ഥാനശിശുക്ഷേമ സമിതിയിലെ കുരുന്നുകൾക്ക് പാലും മുട്ടയും പോഷകാഹാരങ്ങളും ഇനി നഗരസഭയുടെ വക'; മേയർ ആര്യ രാജേന്ദ്രൻ 

Saturday 08 June 2024 7:51 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ശിശുക്ഷേമ സമിതിയ്ക്ക് നഗരസഭയുടെ എല്ലാവിധ പിന്തുണയും സഹായവും വാഗ്‌ദാനം ചെയ്ത് മേയർ ആര്യ രാജേന്ദ്രൻ. സമിതി തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിലും വീട് ബാലികാ മന്ദിരത്തിലെയും കുട്ടികൾക്ക് പാൽ, മുട്ട,സസ്യ ആഹാരം എല്ലാം തിരുവനന്തപുരം നഗരസഭ നേരിട്ട് സൗജന്യമായി സമിതിയിലേത്തിക്കുമെന്നും മേയർ അറിയിച്ചു. ഇതിനായി ബഡ്ജറ്റിൽ പദ്ധതി ഉൾപ്പെടുത്തിയതായും അറിയിച്ചിട്ടുണ്ട്.

സംസ്ഥാന ശിശുക്ഷേമ സമിതി സമിതി ആസ്ഥാനത്ത് കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ പ്രോൽസാഹിപ്പിക്കുന്നതിന് ആരംഭിച്ച ശിശുക്ഷേമം - ആർട്ട്സ് അക്കാദമിയുടെ പ്രവേശനോദ്ഘാടനത്തിന് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു മേയർ.


'കുട്ടികൾ പഠിക്കുന്ന പാഠഭാഗങ്ങളിൽ നിന്ന് മാത്രം ഒതുങ്ങി നിന്ന് പഠിച്ചാൽ പൂർണ്ണമായി അറിവ് കിട്ടില്ല പഠനത്തിനോടൊപ്പം പുറത്തുള്ള കാര്യങ്ങളും സമൂഹത്തിലും ചുറ്റുപാടിലും എന്തൊക്കെ നടക്കുന്നു എന്ന് അറിയാൻ ശ്രമിക്കണം. പഠനത്തോടൊപ്പം സാമൂഹ്യ വിഷയങ്ങളിലെ ഇടപെടലുകളിലുകൾ നല്ല മനുഷ്യരാക്കാൻ സഹായിക്കും. കലാ-കായിക രംഗങ്ങളിൽ നമ്മുടെ കുട്ടികളെ ഉയർത്തിക്കൊണ്ട് വരണം' മേയർ പറഞ്ഞു.


ചടങ്ങിൽ സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ കെ.ജയപാൽ സ്വാഗതം പറഞ്ഞു. അക്കാദമി ഡയറക്ടർ മാധവി ചന്ദ്രനും ചടങ്ങിൽ സംസാരിച്ചു.

Advertisement
Advertisement