കല്ലായ് സ്റ്റേഷനിൽ ചരക്കിറക്ക് പ്ലാറ്റ് ഫോം നവീകരണം അന്തിമഘട്ടത്തിൽ

Sunday 09 June 2024 12:11 AM IST
kallayi

കോഴിക്കോട്: ചരക്കിറക്കൽ നീക്കം പ്രതിസന്ധിയിലായ കല്ലായ് റെയിൽവേ സ്റ്റേഷനിൽ ചരക്കിറക്ക് പ്ലാറ്റ്‌ഫോം നവീകരണ പ്രവൃത്തി അന്തിമ ഘട്ടത്തിലേക്ക്. 8.75 കോടി ചെലവിലാണ് അൺലോഡിംഗ് പ്ലാറ്റ് ഫോം ഉയർത്തി നീളംകൂട്ടി നവീകരിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാവുതോടെ കല്ലായ് സ്റ്റേഷനിൽ ഗുഡ്‌സ് ട്രെയിനുകളിൽ നിന്നുള്ള ചരക്കിറക്കൽ എളുപ്പത്തിലാവും. ഓരോ ട്രെയിൻ എത്തുമ്പോഴും ചുരുങ്ങിയത് അഞ്ച് മണിക്കൂറെങ്കിലും ലാഭിക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. 640 മീറ്റർ നീളത്തിലാണ് പുതിയ അൺലോഡിംഗ് പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുന്നത്. ഇതിന്റെ ഇലക്ട്രിഫിക്കേഷൻ വർക്ക് അടക്കം പൂർത്തിയായി. കൂടാതെ 360 മീറ്റർ നീളത്തിൽ മറ്റൊരു അഡീഷണൽ ലൈൻ കൂടി സ്ഥാപിച്ചിട്ടുണ്ട്. ഈ മാസം അവസാനത്തോടെ പദ്ധതി പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
അൺലോഡിംഗ് പ്ലാറ്റ് ഫോമിന് നീളമില്ലാത്തതിനാൽ വാഗണുകൾ മൂന്ന് ഭാഗങ്ങളായി മുറിച്ച് മൂന്ന് പ്ലാറ്റ്‌ഫോം ലൈനുകളിലാക്കി പുനർവിന്യസിച്ചാണ് ഇവിടെ ചരക്കുകൾ ഇറക്കിയിരുന്നത്. പുതിയ പ്ലാറ്റ്‌ഫോം തുറക്കുതോടെ ഈ പ്രതിസന്ധി ഒഴിവാകും. പ്ലാറ്റ് ഫോം ഉയർത്തിതോടെ ലോറികൾ കയറ്റുന്നതിനായി റോഡ് റാംപും നിർമിച്ചിട്ടുണ്ട്. നേരത്തെയുണ്ടായി അൺലോഡിംഗ് ലൈനുകളിൽ ലോറിബേ ആക്കിയും സൗകര്യപ്പെടുത്തി. ചരക്കിറക്കുന്ന ഭാഗത്ത് ലൈറ്റുകൾ ഘടിപ്പിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്. 59 വാഗണുകളുമായാണ് അധിക ചരക്കു ട്രെയിനുകളും സർവീസ് നടത്തുന്നത്. പ്ലാറ്റ് ഫോമിന് നീളം കൂട്ടിയതോടെ ഇത്തരം ട്രെയിനുകളിലെ വാഗണുകൾ വേർപെടുത്താതെ തന്നെ ചരക്കുകൾ ഇറക്കാനാവും. 20 വാഗണുകളുമായി വരുന്ന ട്രെയിനുകൾ അഡീഷനൽ ലൈനിൽ കയറ്റിയിട്ട് ചരക്കുകൾ ഇറക്കാൻ സാധിക്കും. നവീകരണ പ്രവൃത്തിയുടെ ഭാഗമായി മാർച്ച് ഒന്നുമുതൽ കല്ലായി റെയിൽവേ സ്റ്റേഷനിൽ ഗുഡ്‌സ് ട്രെയിനുകൾ നിരോധിച്ചിരുന്നു.

Advertisement
Advertisement