കാലിത്തീറ്റകൾക്ക് മൺസൂൺകാല വിലക്കിഴിവുമായി കേരള ഫീഡ്സ്

Sunday 09 June 2024 12:13 AM IST

തൃശൂർ: ഉത്പാദന ചെലവിലെ വർദ്ധന മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ക്ഷീര കർഷകർക്ക് പ്രത്യേക മൺസൂൺകാല വിലക്കിഴിവോടെ കേരള ഫീഡ്‌സ് കാലിത്തീറ്റകൾ ലഭ്യമാക്കുന്നു. ഡയറി റിച്ച് പ്ലസ് കാലിത്തീറ്റയ്ക്ക് 45 കിലോ ചാക്ക് ഒന്നിന് 50 രൂപയും 50 കിലോ തൂക്കമുള്ള കേരള ഫീഡ്‌സ് മിടുക്കി, എലൈറ്റ് എന്നീ കാലിത്തീറ്റകൾക്ക് യഥാക്രമം 40 രൂപയും, 25 രൂപയുമാണ് ഇളവ്. മൺസൂൺകാലത്ത് ഉത്പാദന ഇടിവ് മൂലം വലയുന്ന കർഷകർക്ക് വിലയിളവ് പ്രയോജനമാകും.

കന്നുകുട്ടിയുടെ പരിപാലനം ഗുണകരമാക്കാനും ഉല്പാദനക്ഷമത കൂട്ടാനും പോഷകഗുണം കൂടിയ കാലിത്തീറ്റ അനിവാര്യമാണ്. കറവ ഇല്ലാത്ത പശുക്കളുടെ തീറ്റച്ചെലവ് കുറയ്ക്കാനും അധികവരുമാനം ഉണ്ടാക്കാനും ഇതിലൂടെ സാധിക്കും.

അധികപോഷകങ്ങൾ അടങ്ങിയ പ്രത്യേക കാലിത്തീറ്റ ജൂൺ മദ്ധ്യത്തോടെ വിപണിയിൽ ഇറക്കാനും കേരള ഫീഡ്സ് ഒരുങ്ങുകയാണ്. 20 കിലോ തൂക്കമുള്ള, കേരള ഫീഡ്‌സ് മഹിമ എന്ന ഈ കാലിത്തീറ്റയ്ക്ക് ചാക്ക് ഒന്നിന് 540 രൂപയാണ് വില. കന്നുകുട്ടിയുടെ ശരിയായ വളർച്ച ഉറപ്പ് വരുത്തുകയും കൃത്യസമയത്ത് പ്രായപൂർത്തിയായി മദിലക്ഷണം പ്രകടമാക്കാനും ആവശ്യമായ പോഷകങ്ങൾ ശരിയായ അനുപാതത്തിൽ മഹിമ കാലിത്തീറ്റയിലുണ്ട്. പശുക്കുട്ടികളുടെ ശരീരഭാരം അനുസരിച്ച് പ്രതിദിനം 2 മുതൽ 3 കിലോ വരെ മഹിമ കാലിത്തീറ്റ നൽകാം.

ശരീരഭാരം വർദ്ധിപ്പിക്കാനായി പോത്തുക്കുട്ടികൾക്കും കേരള ഫീഡ്‌സ് മഹിമ കാലിത്തീറ്റ നൽകാമെന്ന് മാനേജിംഗ് ഡയറക്ടർ ഡോ.ബി.ശ്രീകുമാർ അറിയിച്ചു.

Advertisement
Advertisement