ഇന്ത്യയിലെ നിക്ഷേപ പദ്ധതികൾ വേഗത്തിലാക്കാൻ ടെസ്ല
കൊച്ചി: വൈദ്യുതി കാർ നിർമ്മാണ രംഗത്തെ പ്രമുഖരായ ടെസ്ലയുടെ ഉടമ ഇലോൺ മസ്ക് ഹ്രസ്വകാലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലെ നിക്ഷേപ പദ്ധതികൾ സജീവമാക്കുന്നു. ടെസ്ല കാറുകളുടെ നിർമ്മാണ ഫാക്ടറി ഗുജറാത്തിൽ ആരംഭിക്കാനും സാറ്റലൈറ്റ് ഫോൺ സേവനങ്ങൾ നൽകുന്ന സ്റ്റാർലിങ്കിന്റെ പ്രവർത്തനം തുടങ്ങാനും വലിയ താത്പര്യമാണ് ഇലോൺ മസ്കിനുള്ളത്. പൊതു തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തുന്നതിന് മസ്ക് ഇന്ത്യയിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അവസാന നിമിഷം സന്ദർശനം റദ്ദാക്കി. ഔദ്യോഗിക തിരക്കുകളാണ് കാരണമായി പറഞ്ഞതെങ്കിലും തൊട്ടടുത്ത വാരം മസ്ക് ചൈനയിലെത്തിയതോടെ ഇന്ത്യൻ വിപണിയിൽ നിക്ഷേപിക്കാനുള്ള താത്പര്യക്കുറവായും വ്യാഖ്യാനിച്ചിരുന്നു.
എന്നാൽ മൂന്നാം തവണയും അധികാരത്തിലെത്തിയ നരേന്ദ്ര മോദിയെ അഭിനന്ദനം അറിയിക്കാൻ മസ്ക് കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. തന്റെ കമ്പനികൾ ഇന്ത്യയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷയെന്നും മസ്ക് കൂട്ടിച്ചേർത്തു. പുതിയ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം മസ്ക് ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.