ഗ്രാമങ്ങളിൽ ഗാർഹിക ഉപഭോഗം കുതിച്ചുയരുന്നു

Sunday 09 June 2024 12:15 AM IST

കൊച്ചി: പത്ത് വർഷത്തിനിടെ ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ ഗാർഹിക ഉപഭോഗത്തിൽ 40 ശതമാനം വർദ്ധനയുണ്ടായെന്ന് കേന്ദ്ര സർക്കാരിന്റെ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ സർവേയിൽ കണ്ടെത്തി. ഗ്രാമ പ്രദേശങ്ങളിൽ കുടുംബങ്ങളുടെ ശരാശരി പ്രതിമാസ ഉപഭോഗം 2011-12 വർഷത്തിലെ 1,430 രൂപയിൽ നിന്നും 2022-23 വർഷത്തിൽ 2,008 രൂപയായി ഉയർന്നുവെന്നാണ് വിലയിരുത്തുന്നത്. നഗരങ്ങളിലും ഉപഭോഗത്തിൽ വലിയ മുന്നേറ്റമാണ് ഇക്കാലയളവിൽ ദൃശ്യമായത്. അർബൻ ഉപഭോഗം ഇക്കാലയളവിൽ 2,360 രൂപയിൽ നിന്ന് 33 ശതമാനം വർദ്ധനയോടെ 3,510 രൂപയിലെത്തി.

നാണയപ്പെരുപ്പം കണക്കിലെടുക്കാതെ ഗ്രാമീണ ഉപഭോഗം 2022-23 വർഷത്തിൽ 3,773 രൂപയിലും നഗര ഉപഭോഗം 6,459 രൂപയിലുമെത്തിയെന്ന് സർവേ വ്യക്തമാക്കുന്നു. ഗ്രാമീണ, നഗര മേഖലകൾ തമ്മിലുള്ള അന്തരം സാവധാനത്തിൽ കുറയുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഭക്ഷണം, ഇന്ധനം, വൈദ്യുതി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ ചെലവഴിക്കുന്ന തുകയാണ് ഗാർഹിക ഉപഭോഗത്തിൽ ഉൾപ്പെടുത്തുന്നത്.

Advertisement
Advertisement