ആശങ്ക ഉയർത്തി തീപിടിത്തം, ഫയർഫോഴ്സ് എവിടെ?

Sunday 09 June 2024 12:17 AM IST

കോഴിക്കോട്: നഗരത്തിൽ ഓടുന്ന കാറിന് തീപിടിച്ച് മുൻ കോർപ്പറേഷൻ ജീവനക്കാരൻ മരിച്ച സംഭവം ഏറെ ഭീതിയോടെയാണ് കോഴിക്കോട്ടുകാർ കേട്ടത്. തുടർച്ചയായി തീപിടിത്തമുണ്ടാവുന്ന നഗരത്തിൽ പെട്ടെന്നൊരു അപകടമുണ്ടായാൽ ഓടിയെത്താവുന്ന ദൂരത്ത് ഫയർഫോഴ്സില്ലാതായിട്ട് ഏറെ നാളായെന്നത് ആശങ്ക ഉയർത്തുന്നതാണ്.

നഗരത്തിൽ തീപിടിത്തമോ, മറ്റ് അപകടങ്ങളോ ഉണ്ടായാൽ ഓടിയെത്തുന്ന ബീച്ച് ഫയർ സ്റ്റേഷൻ നിലവിൽ പേരിന് മാത്രമാണ് പ്രവർത്തിക്കുന്നത്. ഒരു യൂണിറ്റ് മാത്രമാണ് ഇവിടെയുള്ളത്. ഓഫീസ് പ്രവർത്തിച്ചിരുന്ന അപകടാവസ്ഥയിലുള്ള കെട്ടിടത്തിൽ നിന്ന് മറ്റ് യൂണിറ്റുകളെയെല്ലാം മാറ്റി. കെട്ടിടം പ്രവൃത്തി പൂർത്തിയാക്കുന്നത് ബീച്ച് ഫയർ ഫോഴ്സ് ഓഫീസിന് പ്രവർത്തിക്കാൻ സ്ഥലം അനുവദിക്കണമെന്ന വകുപ്പിന്റെ അപേക്ഷ കോർപ്പറേഷൻ കാര്യമായി പരിഗണിക്കുന്നില്ല.

സ്ഥലം ഫയർ ഫോഴ്സ് തന്നെ കണ്ടെത്തി കോർപ്പറേഷന്റെയും വിവിധ വകുപ്പുകളുടെയും ശ്രദ്ധയിൽ പെടുത്തെയങ്കിലും ഒന്നും നടന്നില്ല. കോർപ്പറേഷന്റെ കീഴിലുള്ള ഇ.എം.എസ് സ്റ്റേഡിയവും പരിസരവും വെള്ളയിലെ ഫിഷറീസിന്റെ കെട്ടിടവും പരിഗണിച്ചെങ്കിലും ഇത് രണ്ടും ലഭ്യമായില്ല. പാളയം മാർക്കറ്റിന് സമീപത്തെ സ്ഥലം അനുവദിക്കാമെന്ന് പറഞ്ഞെങ്കിലും അതിലും കാര്യമായ പുരോഗതിയില്ല. കഴിഞ്ഞ ദിവസം കാറിന് തീപടിച്ചതിന് സമീപത്തായിരുന്നു ഫയർഫോഴ്സ് നിർദ്ദേശിച്ച വെള്ളയിലെ ഫിഷറീസ് വകുപ്പിന്റെ കെട്ടിടം. ഈ ഭാഗത്ത് തന്നെയുള്ള കോർപ്പറേഷന്റെ മാലിന്യ സംസ്കരണ പ്ലാന്റിലെ മാലിന്യ‌ത്തിനും അടുത്തിടെ തീപിടിച്ചിരുന്നു. നഗരത്തിൽ തീപിടിത്തമുണ്ടായാൽ ആദ്യം വിളിയെത്തുക ബീച്ച് ഫയർ സ്റ്റേഷനിലാണ്. ഏറ്റവും അടുത്തുള്ള ഫയർ സ്റ്റേഷനുകൾ എട്ട് കിലോമീറ്റർ അപ്പുറമുള്ള വെള്ളിമാടുകുന്നും മീഞ്ചന്തയുമാണ്.

60 ജീവനക്കാരും എട്ട് വാഹനങ്ങളുമാണ് നിലവിൽ ബീച്ച് ഫയർ സ്റ്റേഷനിലുണ്ടായിരുന്നത്. മീഞ്ചന്ത, വെള്ളിമാടുകുന്ന്, മുക്കം, നരിക്കുനി, കൊയിലാണ്ടി എന്നിവിടങ്ങളിലേക്കാണ് ജീവനക്കാരെ വിന്യസിച്ചത്. ബീച്ച്. ബീച്ച് ഫയർ സ്റ്റേഷന് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടം നിർമ്മിക്കാനുള്ള 17 കോടിയുടെ പദ്ധതിയുണ്ടെങ്കിലും ഭരണാനുമതി ആയിട്ടില്ല.

 ഫയർ സ്റ്റേഷൻ അത്യാവശ്യം

മിഠായിത്തെരുവ്, വലിയങ്ങാടി, ബീച്ച്, പാളയം അടക്കം നഗരപരിധിയിൽ നൂറുകണക്കിന് ബഹുനിലകെട്ടിടങ്ങളും വലിയ ആൾ തിരക്കുണ്ടാവുന്ന സ്ഥലങ്ങളുമുണ്ട്. ഇവിടങ്ങളിൽ പെട്ടെന്ന് അപകടമുണ്ടായാൽ ഏ​റ്റവും വേഗത്തിൽ എത്താനാവുക ബീച്ചിലെ ഫയർസ്റ്റേഷനിൽ നിന്നാണ്. വലിയ അപകടം ഉണ്ടായാൽ നിലവിലെ യൂണി​റ്റിനെ കൊണ്ട് രക്ഷാപ്രവർത്തനം നടത്താൻ സാധിക്കില്ലെന്ന് ഫയർഫോഴ്സ് തന്നെ പറയുന്നുണ്ട്.

"കോഴിക്കോട് നഗരത്തിലുള്ള ഏക ഫയർ സ്റ്റേഷന്റെ പ്രവർത്തനം ഇല്ലാതായിട്ട് ഒരു വർഷമാകാറായിട്ടും കെട്ടിടം കണ്ടെത്താൻ കഴിയാത്തത് ഭരണകൂടത്തിന്റെ പിടിപ്പുകേടാണ്. കോഴിക്കോട്ടെ ജനങ്ങളുടെ ജീവന് ഒരു വിലയും നൽക്കാത്ത ഭരണകൂടത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ബി.ജെ.പി. നൽകും.

കെ. ഷൈബു

ബി.ജെ.പി നടക്കാവ് മണ്ഡലം പ്രസിഡന്റ്

Advertisement
Advertisement