തകർന്നടിഞ്ഞ് സ്വർണ വില

Sunday 09 June 2024 12:17 AM IST

പവൻ വില 1,520 രൂപ ഇടിഞ്ഞ് 52,560 രൂപയിലേക്ക് താഴ്ന്നു

കൊച്ചി: ചൈന അപ്രതീക്ഷിതമായി വിപണിയിൽ നിന്ന് വിട്ടുനിന്നതോടെ ആഗോള മേഖലയിലെ ചലനങ്ങളുടെ ചുവടുപിടിച്ച് സ്വർണ വില കേരളത്തിൽ കുത്തനെ ഇടിഞ്ഞു. പവൻ വില 1,520 രൂപ ഇടിഞ്ഞ് 52,560 രൂപയിലേക്ക് നിലംപതിച്ചു. ഗ്രാമിന്റെ വില 190 രൂപ കുറഞ്ഞ് 6,570 രൂപയിലെത്തി. ചരിത്രത്തിലാദ്യമായാണ് കേരളത്തിൽ ഒരു ദിവസം പവൻ വിലയിൽ ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തുന്നത്. യൂറോപ്പിലെ കേന്ദ്ര ബാങ്കുകളായ യൂറോപ്യൻ സെൻട്രൽ ബാങ്കും ബാങ്ക് ഒഫ് കാനഡയും മാന്ദ്യം നേരിടാനുള്ള നടപടികളുടെ ഭാഗമായി പലിശ കുറച്ചതിന് ശേഷം വ്യാഴാഴ്ച നേരിയ തോതിൽ ഉയർന്ന സ്വർണ വില ചൈനയുടെ പിന്മാറ്റത്തോടെ കനത്ത തകർച്ച നേരിട്ടു.

രാജ്യാന്തര വിപണിയിൽ വെള്ളിയാഴ്ച സ്വർണ വില ഔൺസിന് 2,333 ഡോളർ വരെയാണ് ഇടിഞ്ഞത്. മേയ് 20ന് 2,500 ഡോളറിനടുത്ത് എത്തി സ്വർണ വില റെക്കാഡിട്ടിരുന്നു.

സ്വർണം വാങ്ങൽ നിറുത്തി ചൈന

പതിനെട്ട് മാസമായി തുടർച്ചയായി സ്വർണം വാങ്ങിയ ചൈനയുടെ നീക്കമാണ് ലോക വിപണിയിൽ വില കുത്തനെ ഉയർത്തിയത്. എന്നാൽ മേയ് മാസത്തിൽ കേന്ദ്ര ബാങ്കായ പീപ്പിൾസ് ബാങ്ക് ഒഫ് ചൈന സ്വർണം വാങ്ങിയില്ലെന്ന് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നു. ഏപ്രിലിൽ ചൈന 60,000 ഔൺസ് സ്വർണം മാത്രമാണ് വാങ്ങിയത്. ഫെബ്രുവരിയിൽ 3.9 ലക്ഷം ഔൺസും മാർച്ചിൽ 1.6 ലക്ഷം ഔൺസും സ്വർണം വാങ്ങിക്കൂട്ടിയതിന് ശേഷമാണ് ചൈന വിപണിയിൽ നിന്ന് വിട്ടുനിൽക്കുന്നത്. മറ്റ് കേന്ദ്ര ബാങ്കുകളും സ്വർണം വാങ്ങൽ തത്കാലത്തേക്ക് മരവിപ്പിക്കുമെന്ന് വിലയിരുത്തുന്നു.

വില സമ്മർദ്ദം ശക്തമാകും

അമേരിക്കയിലെ തൊഴിൽ മേഖലയുടെ മികച്ച പ്രകടനം കണക്കിലെടുത്ത് നിക്ഷേപകർ യു.എസ് ബോണ്ടുകളിലും ഓഹരി വിപണിയിലേക്കും ഡോളറിലേക്കും പണമൊഴുക്കിയതാണ് സ്വർണത്തിൽ വിൽപ്പന സമ്മർദ്ദം ശക്തമാക്കുന്നത്. അമേരിക്കയിലെ ഫെഡറൽ റിസർവ് പലിശ കുറയ്ക്കാനുള്ള തീരുമാനം വൈകിപ്പിക്കുമെന്ന ആശങ്കയാണ് സ്വർണത്തിന് പ്രിയം കുറച്ചത്.

Advertisement
Advertisement