വ്യാജരേഖകളിലൂടെ വായ്പ: പ്രതികൾക്ക് 5.87 കോടി പിഴ

Sunday 09 June 2024 12:00 AM IST

തിരുവനന്തപുരം:ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ വ്യാജരേഖകളുണ്ടാക്കി വായ്പയെടുത്തതിന് ബാങ്ക് മുൻ ചീഫ് മാനേജർ ഉൾപ്പെടെ നാലു പ്രതികൾക്ക് മൂന്നുവർഷം കഠിനതടവും 5.87 കോടി പിഴയും വിധിച്ചു.

കോട്ടയം കാനറ ബാങ്കിലെ മുൻ ചീഫ് മാനേജർ ഇ.ജി.എൻ.റാവു, ബോബി ജേക്കബ്, ടീനു ബോബി, കെ.വി.സുരേഷ് എന്നിവരെയാണ് തിരുവനന്തപുരം സി.ബി.ഐ കോടതി ശിക്ഷിച്ചത്. കുരുമുളക്,ഏലം എന്നിവയുടെ വ്യാപാര ആവശ്യങ്ങൾക്കെന്ന് കാണിച്ചായിരുന്നു തട്ടിപ്പ്. ഇതിന് മുൻ ബാങ്ക് മാനേജർ കൂട്ടുനിന്നു. രണ്ടാം പ്രതിയും മുൻ മാനേജരുമായ എം.പി.ഗോപിനാഥൻ നായരെ കോടതി വിട്ടയച്ചു.

പണം നഷ്ടപ്പെട്ട കോട്ടയം സ്വദേശി ഉണ്ണിമായക്കുട്ടിക്കു പിഴത്തുകയിൽ നിന്ന് 5 കോടിയും ഗിരിജയ്‌ക്കു 40 ലക്ഷവും അനിൽരാജിന് 25 ലക്ഷവും ശിവരാജൻ ഉണ്ണിത്താന് 5 ലക്ഷവും നൽകാൻ കോടതി ഉത്തരവിട്ടു. പണം നൽകിയില്ലെങ്കിൽ പ്രതികളുടെ വസ്തുക്കൾ ജപ്തി ചെയ്തു പണം ഈടാക്കും.

2004ലാണ് കേസിനാസ്പദമായ സംഭവം. ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ വ്യാജരേഖകൾ ഹാജരാക്കിയാണ് വായ്പ എടുത്തത്. പണം പലിശയ്ക്കു നൽകുന്നതാണ് സുരേഷിന്റെ തൊഴിൽ. പണം വാങ്ങുന്നവരിൽ നിന്ന് അവരുടെ പേരിലുള്ള ഭൂരേഖകളോ ചെക്കോ വാങ്ങും. ഇതിനുശേഷം പ്രമാണം ബോബി ജേക്കബ്, ടീനു ബോബി എന്നിവരുടെ പേരിൽ എഴുതാമെന്നും പണം തിരികെ നൽകുമ്പോൾ തിരിച്ച് എഴുതിനൽകാമെന്നും പറയും. പ്രതികൾ പ്രമാണവുമായി ബാങ്കിലെത്തുമ്പോൾ

ഇവർ എടുത്ത വായ്പയുടെ ഈടായി ബാങ്കിൽ വയ്ക്കും. അഴിമതിയിൽ ബാങ്കിന് അഞ്ച് കോടിയിലേറെ നഷ്ടമുണ്ട്.

പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.സെന്തിൽ കുമാർ ഹാജരായി.

Advertisement
Advertisement