നീറ്റ് റാങ്കുകാരുടെ പഠനം സി.ബി.ഐ വിലയിരുത്തും
തിരുവനന്തപുരം : നീറ്റ് യു.ജി പരീക്ഷയിൽ ഉന്നത റാങ്കുകൾക്ക് വിദ്യാർത്ഥികൾ കൂട്ടത്തോടെ അർഹരായ സാഹചര്യത്തിൽ കേരളത്തിലടക്കം ജേതാക്കളുടെ ഹയർസെക്കൻഡറിയിലെ പഠനനിലവാരം സി.ബി.ഐ പരിശോധിക്കുന്നു. ഒന്നാം റാങ്കുകാരെ കേന്ദ്രീകരിച്ചാണ് ആദ്യഘട്ട അന്വേഷണം.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായാണിത്. അസ്വാഭാവികത കണ്ടെത്തിയാൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കും.തിരഞ്ഞെടുപ്പ് ഫലം വന്ന അതേദിവസം നീറ്റ് ഫലം പ്രഖ്യാപിച്ചതും ദുരൂഹമാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. മുഴുവൻസ്‌കോറായ 720ഉം നേടി 67പേർ ഒന്നാംറാങ്കിലെത്തിയ സാഹചര്യത്തിൽ ചോദ്യപേപ്പർ ചോർന്നെന്ന പ്രാഥമിക നിഗമനത്തിലാണ് സി.ബി.ഐ. എന്നാൽ. പരീക്ഷ നടത്തിയ നാഷണൽ ടെസ്റ്റിംഗ് ഏജൻസി ഇതു നിഷേധിക്കുകയാണ്. പരീക്ഷാഫലംപൂർണമായിക്കഴിഞ്ഞപ്പോൾ ദിവസങ്ങൾ നഷ്ടപ്പെടുത്താതെ പ്രഖ്യാപിച്ചതാണെന്നും തിരഞ്ഞെടുപ്പ്ഫലം പ്രഖ്യാപിച്ച ദിവസം അതിനായി കണ്ടുവച്ചതല്ലെന്നും ഏജൻസി അധികൃതർ പറയുന്നു.
കേരളത്തിലെ നാലു പേർക്കാണ് ഒന്നാം റാങ്ക്. തമിഴ്നാട്ടിലെഎട്ടും രാജസ്ഥാനിലെ കോട്ടയിൽ ഒരുകോച്ചിംഗ് സെന്ററിൽ പഠിച്ച 10 പേർക്കും ഒന്നാംറാങ്കുണ്ട്.
എൻ. രാമചന്ദ്രൻ അനുസ്മരണ സമ്മേളനം ഇന്ന്
തിരുവനന്തപുരം: മലയാള പത്രപ്രവർത്തന രംഗത്തെ കുലപതികളിൽ പ്രമുഖനും കേരളകൗമുദി മുൻ എഡിറ്റോറിയൽ അഡ്വൈസറുമായ എൻ. രാമചന്ദ്രന്റെ പത്താം ചരമവാർഷികത്തോടനുബന്ധിച്ച് ഇന്ന് പി. സുബ്രഹ്മണ്യം ഹാളിൽ (ഇല്ലം) നടക്കുന്ന അനുസ്മരണ സമ്മേളനം മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് നടക്കുന്ന സമ്മേളനത്തിൽ എൻ. രാമചന്ദ്രൻ ഫൗണ്ടേഷൻ പ്രസിഡന്റ് പ്രഭാവർമ്മ അദ്ധ്യക്ഷനാകും. നിയുക്ത എം.പി.അടൂർ പ്രകാശ്, നിയമസഭ മുൻ സ്പീക്കർ എം. വിജയകുമാർ, മുൻ മന്ത്രി പന്തളം സുധാകരൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തും. ഫൗണ്ടേഷൻ സെക്രട്ടറി പി.പി. ജെയിംസ്, എൽ. ആർദ്ര, ശാലിനി എം. ദേവൻ എന്നിവർ സംസാരിക്കും.