കുറഞ്ഞ ചെലവിൽ പ്രീമിയം കഫേയുമായി കുടുംബശ്രീ

Sunday 09 June 2024 12:05 AM IST

കൊല്ലം: കെട്ടിലും മട്ടിലും കിടിലൻ ലുക്കുമായി കുടുംബശ്രീ പ്രീമിയം കഫേ ജില്ലയിൽ രണ്ട് മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. സാധാരണക്കാർക്ക് താങ്ങാനാവുന്ന ബഡ്ജറ്റിൽ പ്രീമിയം സൗകര്യങ്ങളോടെ ഭക്ഷണം നൽകുകയാണ് ലക്ഷ്യം.

കഫേ ആരംഭിക്കാനുള്ള സ്ഥലം ചാത്തന്നൂരിൽ കണ്ടെത്തി. ജനകീയ ഹോട്ടലായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് പ്രീമിയം കഫേയ്ക്കായി തിരഞ്ഞെടുത്തത്. നിലവിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നുവരികയാണ്.

നാല് കുടുംബശ്രീ യുണിറ്റുകളാണ് പ്രീമിയം കഫേകൾ ആരംഭിക്കാൻ ജില്ലാ കുടുംബശ്രീ മിഷനെ സമീപിച്ചിരുന്നത്. ഇതിൽ ചാത്തന്നൂരിലെ കുടുംബശ്രീ യുണിറ്റിലെ വനിതയ്ക്കാണ് കരാർ ലഭിച്ചത്. ഓണത്തിന് മുമ്പ് പണികൾ പൂർത്തിയാക്കി പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ഗുണമേന്മ ഉറപ്പാക്കിയാകും പ്രീമിയം കഫേ പ്രവർത്തനം ആരംഭിക്കുക.

മേൽനോട്ട ചുമതല കുടുംബശ്രീ മിഷനും സ്വകാര്യ ഏജൻസിക്കുമായിരിക്കും. അദേബ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫുഡ് റിസർച്ച് എന്ന കമ്പനിക്കാണ് ചുമതല നൽകിയിരിക്കുന്നത്. ജീവനക്കാർക്കുള്ള പരിശീലനം, കഫേകളുടെ അന്തരീക്ഷം, ഇന്റീരിയർ ഡിസൈൻ, ഉപഭോക്താവിനോട് എങ്ങനെ പെരുമാറണം, ഭക്ഷണം വിളമ്പുന്ന രീതി, കഫേകളിൽ വേണ്ട അടിസ്ഥാന സൗകര്യങ്ങൾ, അടുക്കളയിൽ ഉപയോഗിക്കേണ്ട സാധന സാമഗ്രികൾ എല്ലാം തീരുമാനിക്കുന്നത് സ്വകാര്യ ഏജൻസിയായിരിക്കും. കഫേ പ്രവർത്തനം ആരംഭിച്ച് മൂന്ന് മാസം വരെ ഏജൻസി നേരിട്ട് മേൽനോട്ടം വഹിക്കും.


ഓണത്തിന് മുമ്പ് പ്രവർത്തനം

 15 വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യം

 ഒരേസമയം 100 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാം

 അംഗപരിമിതർക്കുള്ള സൗകര്യങ്ങൾ

 ഹോട്ടലിന് കുടുംബശ്രീയുടെ ലോഗോയുടെ നിറം നൽകും

 സീഫുഡുകൾക്ക് പ്രാധാന്യം
 ലാഭം പൂർണമായും സംരംഭകയ്ക്ക്

 ബില്ലിംഗ്, പാഴ്‌സൽ, ഓൺലൈൻ ഓർഡർ എന്നിവയ്ക്ക് പ്രത്യേക സോഫ്ട്‌വെയർ


സേവനം രാത്രി വൈകിയും

രാത്രി വൈകിയും സേവനം ലഭ്യമാണ്. രണ്ട് ഷിഫ്ടായിട്ടാണ് ജീവനക്കാർ പ്രവർത്തിക്കുക. ഇവർക്ക് കുടുംബശ്രീയുടെ ലോഗോ പതിച്ച യൂണിഫോം നൽകും.

വിസ്തൃതി - 5000 ചതുരശ്ര അടി

ഡൈനിംഗ് ഏരിയ - 2000 ചതുരശ്ര അടി

സർക്കാർ ധനസഹായം - 20 ലക്ഷം

പ്രവർത്തന സമയം - രാവിലെ 10.30 മുതൽ രാത്രി 11വരെ

ജില്ലയിൽ കൂടുതൽ പ്രീമിയം കഫേകൾ ആരംഭിക്കും. ഇതിനായുള്ള സ്ഥലങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

കുടുംബശ്രീ അധികൃതർ

Advertisement
Advertisement