ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം

Sunday 09 June 2024 12:07 AM IST

കൊല്ലം: മത്സ്യങ്ങളുടെ പ്രജനനകാലം കണക്കിലെടുത്തുള്ള ട്രോളിംഗ് നിരോധനം ഇന്ന് ആർദ്ധരാത്രി മുതൽ ആരംഭിക്കും. ജൂലായ് 31 വരെ നീളുന്ന 52 ദിവസമാണ് നിരോധനം.

യന്ത്രവത്കൃത ബോട്ടുകൾ നടത്തുന്ന ആഴക്കടൽ മത്സ്യബന്ധനത്തിനാണ് നിയന്ത്രണം. പരമ്പരാഗത വള്ളങ്ങൾക്ക് നിരോധനം ബാധകമല്ല. ട്രോളിംഗ് നരോധനത്തിന്റെ ഭാഗമായി യന്ത്രവത്കൃത ബോട്ടുകൾ കടലിലേക്ക് കടക്കാതിരിക്കാൻ നീണ്ടകര പാലത്തിന് കുറുകെ ഇന്ന് അർദ്ധരാത്രി ചങ്ങല കെട്ടി ബന്ധിക്കും.

തങ്കശേരി, അഴീക്കൽ തുറമുഖങ്ങളിലും സമാനമായ നിയന്ത്രണം ഏർപ്പെടുത്തും. നീണ്ടകര തുറമുഖത്ത് ഇൻബോർഡ് എൻജിൻ ഘടിപ്പിച്ചിട്ടുള്ളവ ഒഴികെയുള്ള പരമ്പരാഗത യാനങ്ങൾക്ക് പ്രവർത്തിക്കാം. മത്സ്യബന്ധനത്തിലേർപ്പെടുന്ന യാനങ്ങൾക്ക് അഷ്ടമുടി കായലിന്റെ കിഴക്ക് തീരങ്ങളിലുള്ള സ്വകാര്യ ബോട്ട്ജെട്ടികളിൽ/വാർഫുകളിൽ ലാൻഡിംഗ് അനുമതി ഉടമകൾ നൽകാൻ പാടില്ല.

നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കൽ തീരമേഖലകളിലെ ഡീസൽ പമ്പുകളെല്ലാം ജൂലായ് 28 വരെ അടച്ചിടണം. മത്സ്യഫെഡിന്റെ നീണ്ടകര, ശക്തികുളങ്ങര, അഴീക്കൽ തീരമേഖലകളിലെ നിശ്ചിത പമ്പുകൾക്ക് പ്രവർത്തനാനുമതിയുണ്ട്. ജില്ലയിലെ ഇന്ധനപമ്പുകളിൽ നിന്ന് കളക്ടറുടെ അനുമതിയില്ലാതെ കാനുകളിലോ കുപ്പികളിലോ ഇന്ധനം നൽകാനും ഇതേകാലയളവിൽ പാടില്ല.

ജില്ലയിൽ നിന്ന് പ്രവർത്തിക്കുന്ന ഇതരസംസ്ഥാന മത്സ്യബന്ധനയാനങ്ങളെല്ലാം ട്രോളിംഗ് നിരോധനത്തിന് മുന്നോടിയായി തീരം വിട്ടുപോകണമെന്നും കളക്ടർ നിർദേശിച്ചു.നിരോധനകാലയളവിലെ ക്രമസമാധാനപാലനം ഉൾപ്പടെ നിയന്ത്രണങ്ങൾ നിർവഹിക്കാൻ സബ്കളക്ടറെ നിയോഗിച്ചു.

മത്സ്യങ്ങളുടെ പ്രജനനകാലം

 ചെറുമത്സ്യങ്ങളെ പിടിക്കുന്ന വള്ളങ്ങൾക്കെതിരെ നടപടി

 രണ്ട് വള്ളങ്ങൾ ഒരുമിച്ച് നടത്തുന്ന മത്സ്യബന്ധനം തടയും

 മത്സ്യബന്ധന തൊഴിലാളികൾ ബയോമെട്രിക് കാർഡ് കരുതണം

 അന്യസംസ്ഥാന തൊഴിലാളികൾ തിരിച്ചറിയൽ രേഖകൾ കരുതണം

 ലൈഫ് ജാക്കറ്റും ലൈഫ് ബോയയും കടലിൽ കൊണ്ടുപോകണം

ട്രോളിംഗ് നിരോധനം: 52 ദിവസം

ജൂൺ10 മുതൽ ജൂലായ് 31 വരെ

തീരമേഖലയിൽ അടിയന്തര സാഹചര്യങ്ങളുണ്ടെങ്കിൽ പൊലീസ് അസിസ്റ്റന്റ് കമ്മിഷണർമാർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ സബ്കളക്ടർക്ക് വിവരം കൈമാറി തുടർനടപടി കൈക്കൊള്ളണം. നിരോധനം കൃത്യതയോടെ നടപ്പാക്കാൻ കോസ്റ്റൽ പൊലീസിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

എൻ.ദേവിദാസ്

ജില്ലാ കളക്ടർ

Advertisement
Advertisement