വിദേശികൾ ഉൾപ്പെടെയുള്ളവരുടെ ഇഷ്ടയിടം; ഇലവീഴാപ്പൂഞ്ചിറയിൽ അപ്രതീക്ഷിത ഭീഷണി

Sunday 09 June 2024 12:42 AM IST

കോട്ടയം : തെളിഞ്ഞ കാലാവസ്ഥയിൽ അപ്രതീക്ഷിതമായുണ്ടാകുന്ന ഇടിമിന്നൽ ജില്ലയുടെ മലയോര ടൂറിസത്തിന് ഭീഷണിയാകുന്നു. കഴിഞ്ഞ ദിവസം ഇല്ലിക്കൽക്കല്ലിൽ രണ്ട് വിദ്യാർത്ഥികൾക്ക് മിന്നലേറ്റതോടെ പ്രദേശത്തേയ്ക്ക് നിരോധനമേർപ്പെടുത്തി. കൈവരികളിൽ പിടിച്ചു നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾക്ക് പെട്ടെന്ന് ബോധക്ഷയമുണ്ടാകുകയായിരുന്നു.

വാഗമണ്ണിൽ മിന്നലേറ്റുള്ള മരണം പതിവായതോടെ മിന്നൽ രക്ഷാചാലകം സ്ഥാപിച്ചിരുന്നു. കൂടുതൽപ്പേർ മലയോര ടൂറിസം ആസ്വദിക്കാനെത്തുന്ന സമയമായതിനാൽ ഇല്ലിക്കൽക്കല്ലിന് പുറമെ ഇലവീഴാപ്പൂഞ്ചിറയിലും യാത്രയ്ക്ക് നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. സമുദ്ര നിരപ്പിൽ നിന്ന് 3400 അടി ഉയരത്തിലുള്ള ഇല്ലിക്കൽക്കല്ലിലെ കോടമ‌ഞ്ഞ് കാണാനും പ്രകൃതി സൗന്ദര്യം ആസ്വദിക്കാനും ദിവസം ശരാശരി 500 പേർ എത്തുന്നുണ്ട്. അവധി ദിനങ്ങളിൽ ഇത് കൂടും. വിദേശികൾ ഉൾപ്പെടെയുള്ളവരുടെ ഇഷ്ടയിടമാണ്. മഴകനത്തതോടെ ഉരുൾപൊട്ടൽ ഭീതിയിൽ ഇവിടേയ്ക്കുള്ള ഗതാഗതം നിരോധിച്ചിരുന്നു. അടുത്തിടെയാണ് പുനഃരാരംഭിച്ചത്.

ഇല്ലിക്കൽക്കല്ലിൽ വേണം മിന്നൽ രക്ഷാചാലകം

മുൻ വർഷങ്ങളിലൊന്നും ഇല്ലിക്കൽക്കല്ലിൽ ഇടിമിന്നലേറ്റുള്ള അപകടമുണ്ടാകാത്തതിനാൽ കൂടുതൽ ശ്രദ്ധ നൽകിയിരുന്നില്ല. ആദ്യമായാണ് സഞ്ചാരികൾക്ക് മിന്നലേൽക്കുന്നത്. മിന്നൽ രക്ഷാ ചാലകം ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനം ഡി.ടി.പി.സി ഒരുക്കണമെന്നാണ് ആവശ്യം. അത്യാഹിതം സംഭവിച്ചാൽ ഈ ഭാഗത്ത് മികച്ച സൗകര്യങ്ങളുള്ള ആശുപത്രിയുമില്ല. മൺസൂൺ ടൂറിസം പാക്കേജിൽ ഇല്ലിക്കൽക്കല്ലും ഇടംപിടിച്ചിട്ടുള്ളതിനാൽ വിദേശികൾ കൂടുതലായി എത്തുന്ന സമയത്തെ പ്രവേശന നിരോധനം ടൂറിസം മേഖലയ്ക്ക് തിരിച്ചടിയാണ്.

സഞ്ചാരികൾ ശ്രദ്ധിക്കാൻ

  • മിന്നൽ ലക്ഷണം കണ്ടാൽ സുരക്ഷിതസ്ഥാനത്തേയ്ക്ക് മാറുക
  • ഇരിക്കുന്ന കെട്ടിടത്തിന്റെ ജനലും വാതിലും അടച്ചിടുക
  • ഒരു കാരണവശാലും ജലാശയങ്ങളിൽ ഇറങ്ങരുത്‌
  • ഉച്ചയ്ക്ക് 2 മുതൽ രാത്രി 10വരെ മിന്നൽ സാദ്ധ്യതാ സമയം
  • മിന്നലേറ്റാൽ ഉടൻ വൈദ്യസഹായം ഉറപ്പാക്കണം

Advertisement
Advertisement