ടി പി വധക്കേസിലെ പ്രതികൾക്ക് പരോൾ,​ നടപടി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതിന് പിന്നാലെ

Sunday 09 June 2024 12:42 AM IST

കണ്ണൂർ : ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് പരോൾ അനുവദിച്ചു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പിൻവലിച്ചതോടെയാണ് ജയിൽ വകുപ്പിന്റെ നടപടി. കൊടി സുനിയും അനൂപും ഒഴികെയുള്ള പ്രതികൾക്കാണ് പരോൾ അനുവദിച്ചത്. പ്രതികളായ മനോജ്,​ രജീഷ്,​ മുഹമ്മദ് ഷാഫി,​ സിജിത്ത്,​ സിനോജ് എന്നിവർക്കാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പരോൾ അനുവദിച്ചത്. തിരഞ്ഞെടുപ്പിന് മുൻപ് അപേക്ഷ സമർപ്പിച്ചവരുടെ പരോളാണ് അനുവദിച്ചതെന്ന് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞ മാർച്ചിൽ ഇവരുടെ അപേക്ഷ ജയിൽ ഉപദേശക സമിതി അംഗീകരിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഉള്ളതിനാലാണ് ഇവർക്ക് പുറത്തിറങ്ങാൻ സാധിക്കാതിരുന്നത്. പെരുമാറ്റച്ചട്ടം പിൻവലിച്ചതോടെയാണ് വെള്ളിയാഴ്ച ഇവർ പുറത്തിറങ്ങിയത്. സ്വാഭാവിക നടപടി മാത്രമാണെന്നാണ് ജയിൽ വകുപ്പിന്റെ വിശദീകരണം. പ്രതികൾക്ക് പരോളിന് അർഹതയുണ്ട്. 60 ദിവസത്തെ സാധാരണ പരോളിനും 45 ദിവസത്തെ പ്രത്യേക പരോളിനും ഇവർക്ക് അർഹതയുണ്ട്. ഇത് അനുസരിച്ചുള്ള അപേക്ഷയിലാണ് ജയിൽ ഉപദേശക സമിതിയുടെ തീരുമാനമെന്നും അധികൃതർ അറിയിച്ചു.

ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷം പരോൾ ലഭിച്ചത് 2013 ദിവസമാണെന്ന് നിയമസഭയിൽ സർക്കാർ 2022ൽ വെളിപ്പെടുത്തിയിരുന്നു. തടവുകാലത്തെ ആശുപത്രിവാസത്തിന് പുറമേയാണ് 11 പ്രതികൾക്ക് പലതവണയായി 6 മാസത്തോളം പരോൾ അനുവദച്ചത്.

Advertisement
Advertisement