രാഹുൽഗാന്ധി ഒഴിഞ്ഞേക്കും വയനാട് ഉപതിരഞ്ഞെടുപ്പിലേക്ക്
മലപ്പുറം: രാഹുൽഗാന്ധി റായ്ബറേലി നിലനിറുത്തി വയനാട് ഒഴിയാനുള്ള സാദ്ധ്യത ഏറെക്കുറേ ഉറപ്പായതോടെ വയനാട്ടിൽ ഇനി ആര് മത്സരിക്കുമെന്ന ചർച്ചകൾക്കും ചൂട് പിടിക്കുന്നു. മണ്ഡല സന്ദർശനത്തിനായി അടുത്ത ആഴ്ച വയനാട്ടിൽ എത്തുന്ന രാഹുൽഗാന്ധി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചേക്കും. ഇതിനുശേഷമേ സ്ഥാനാർത്ഥി ചർച്ചകളിലേക്ക് പാർട്ടി ഔദ്യോഗികമായി പ്രവേശിക്കൂ. രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിൽ വിജയിച്ചവർ വരണാധികാരിയിൽ നിന്ന് സർട്ടിഫിക്കറ്റ് കൈപ്പറ്റി 14 ദിവസത്തിനുള്ളിൽ ഒരു മണ്ഡലത്തിലെ രാജി സമർപ്പിക്കണം. ഇതല്ലെങ്കിൽ രണ്ടിടത്തെ വിജയവും റദ്ദാകും. ഇന്നലെ ഡൽഹിയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ റായ്‌ബറേലി സീറ്റ് നിലനിറുത്തണമെന്ന ആവശ്യത്തിനാണ് മുൻതൂക്കം ലഭിച്ചത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഉത്തരേന്ത്യയിലുണ്ടായ മുന്നേറ്റത്തിന് വേഗം കൂട്ടാൻ റായ്‌ബറേലിയിലെ രാഹുൽഗാന്ധിയുടെ സാന്നിദ്ധ്യം ഗുണം ചെയ്യുമെന്നാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ഇതോടെ പാലക്കാട്, ചേലക്കര നിയമസഭ ഉപതിരഞ്ഞെടുപ്പുകൾക്കൊപ്പം വയനാട്ടിലും ഉപതിരഞ്ഞെടുപ്പിനുള്ള സാദ്ധ്യത തെളിഞ്ഞിട്ടുണ്ട്.
വയനാട്ടിൽ പ്രിയങ്ക ഗാന്ധി മത്സരിക്കേണ്ടെന്നാണ് പ്രവർത്തക സമിതിയുടെ പൊതുവികാരമെന്നതിനാൽ സംസ്ഥാനത്ത് നിന്നുള്ള നേതാവിന് തന്നെ നറുക്ക് വീണേക്കും. വയനാടിനെ ഉപേക്ഷിക്കുന്നതിലൂടെയുള്ള ജനരോഷം തണുപ്പിക്കാൻ പ്രിയങ്കയുടെ വരവോടെ സാധിക്കുമെന്നത് ഉയർത്തിക്കാട്ടി സമ്മർദ്ദം ശക്തമാക്കാനുള്ള സാദ്ധ്യതയും നേതാക്കൾ തള്ളിക്കളയുന്നില്ല. എ.ഐ.സി.സിയുടെ സീറ്റായാണ് വയനാടിനെ കോൺഗ്രസ് ദേശീയ നേതൃത്വം പരിഗണിക്കുന്നത്. സീറ്റിനായി കൂടുതൽ പേർ രംഗത്തുവരുന്നത് വഴിയുള്ള പൊട്ടിത്തെറി ഒഴിവാക്കാൻ തീരുമാനം കെ.പി.സി.സിക്ക് വിട്ടുനൽകാതെ എ.ഐ.സി.സി നേരിട്ട് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള സാദ്ധ്യതയുണ്ട്. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ നിന്നുള്ളവർക്ക് തന്നെ സീറ്റ് നൽകണമെന്ന ആവശ്യവും കോൺഗ്രസിൽ ഉയർന്നിട്ടുണ്ട്.
വരുമോ മുരളി
തൃശൂരിലെ പരാജയത്തിന് പിന്നാലെ പൊതുരംഗത്ത് നിന്ന് വിട്ടുനിൽക്കുന്നെന്ന പ്രഖ്യാപനവുമായി കോൺഗ്രസ് നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയ കെ.മുരളീധരനെ വയനാട്ടിലേക്ക് പരിഗണിക്കണമെന്ന ആവശ്യം ഒരുവിഭാഗം നേതാക്കൾക്കുണ്ട്. മുരളീധരന് വൈകാരിക പിന്തുണയുമായി മുസ്‌ലിം ലീഗുണ്ട്. മുരളി ഒരു ഫൈറ്ററാണെന്നും യു.ഡി.എഫിന്റെ അസറ്റാണെന്നും വിശേഷിപ്പിച്ച പി.കെ.കുഞ്ഞാലിക്കുട്ടി മുരളിക്ക് ഇനിയും ധാരാളം അവസരമുണ്ടെന്നും തൃശൂരിൽ യു.ഡി.എഫിന് വേണ്ടി ത്യാഗം ചെയ്യാനാണ് പോയതെന്നും പറഞ്ഞുവച്ചിട്ടുണ്ട്. മുരളിയെ കൂട്ടിപ്പിടിക്കണമെന്ന ആവശ്യം ഇതിനകം തന്നെ കോൺഗ്രസ് നേതാക്കളെ ലീഗ് നേതൃത്വം അറിയിച്ചിട്ടുണ്ട്. ഇനി മത്സരരംഗത്തേക്ക് ഇല്ലെന്ന നിലപാട് ഇന്നലെയും മുരളീധരൻ ആവർത്തിച്ചു.