അങ്കമാലിയിൽ കിടപ്പുമുറിക്ക് തീപിടിച്ച് ദമ്പതികളും മക്കളും വെന്തുമരിച്ചു

Sunday 09 June 2024 2:27 AM IST
ബിനീഷ് കുര്യൻ, ഭാര്യ അനുമോൾ, മക്കളായ ജൊവാന, ജെസ്‌വിൻ എന്നിവർ

അങ്കമാലി: അങ്കമാലി അങ്ങാടിക്കടവ് പറക്കുളത്ത് വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിക്ക് തീപിടിച്ച് ദമ്പതികളും രണ്ടു മക്കളും വെന്തുമരിച്ചു. മലഞ്ചരക്ക് വ്യാപാരി അയ്യമ്പിള്ളി വീട്ടിൽ ബിനീഷ് കുര്യൻ (45), ഭാര്യ അനുമോൾ (40), മക്കളായ ജൊവാന (8), ജെസ്‌വിൻ (6) എന്നിവരാണ് മരിച്ചത്. ഇന്നലെ പുലർച്ചെ നാലോടെയാണ് ദുരന്തം. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മറ്റ് സാദ്ധ്യതകളും അങ്കമാലി പൊലീസ് അന്വേഷിക്കുന്നുണ്ട്.

താഴത്തെ നിലയിൽ ഉറങ്ങിയിരുന്ന ബിനീഷിന്റെ മാതാവ് ചിന്നമ്മ പ്രാർത്ഥനയ്ക്കായി എഴുന്നേറ്റപ്പോഴാണ് വീടിനുള്ളിൽ പുക പടർന്നത് ശ്രദ്ധിച്ചത്. മുകൾ നിലയിൽ തീ കണ്ടതോടെ, ബിനീഷിന്റെ സഹായിയായ ഒഡിഷ സ്വദേശി നിര‌ഞ്ജനെ വിളിച്ചു. കിടപ്പുമുറി ചവിട്ടിത്തുറക്കാൻ ആയാൾ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നിരഞ്ജനും ഇവിടെയാണ് താമസം. വെള്ളമൊഴിച്ച് തീയണയ്ക്കാനുള്ള ശ്രമവും വിഫലമായി. ഈ സമയമെത്തിയ പത്രഏജന്റ് പി.പി. ഏല്യാസും അയൽവാസികളായ പൗലോസും യോഹന്നാനും എത്തി രക്ഷാപ്രവർത്തനം തുടർന്നെങ്കിലും തീ പടർന്നു. ഫയർഫോഴ്സ് എത്തി ഒരു മണിക്കൂറെടുത്താണ് തീയണച്ചത്.

കട്ടിലിന്റെ രണ്ടറ്റത്തായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു ബിനീഷിന്റെയും ഭാര്യ അനുവിന്റെയും മൃതദേഹങ്ങൾ. കുട്ടികളുടേത് വാതിലിന് സമീപവും. മുനമ്പം ഡിവൈ.എസ്.പി സലീഷിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി മോ‌ർ‌ച്ചറിയിലേക്കു മാറ്റി. ഫോറൻസിക്, വിരലടയാള വിദഗ്ദ്ധരും ഇലക്ട്രിക് ഇസ്പെക്ടറേറ്റ് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.

മറ്റു മുറികളിലേക്ക് തീ പടർന്നിട്ടില്ല. ആധുനിക സൗകര്യങ്ങളോടുകൂടിയ വീടായതിനാൽ ഷോർട്ട് സർക്യൂട്ടിനുള്ള സാദ്ധ്യത വിരളമാണ്. മുറിയിൽ എ.സി പ്രവർത്തിച്ചിരുന്നു. കിടപ്പുമുറിക്കു മാത്രമാണ് തീപിടിച്ചത്.

14 വർഷം മുമ്പായിരുന്നു ബിനീഷിന്റെയും അനുവിന്റെയും വിവാഹം. സന്തോഷകരമായ ജീവിതമായിരുന്നു. ഒരു വർഷം മുമ്പാണ് ബിനീഷിന്റെ പിതാവ് എ.പി. കുര്യച്ചൻ മരിച്ചത്.

ജാതിക്ക മൊത്ത വ്യാപാരിയാണ് ബിനീഷ്. അനു മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രിയിലെ ഉദ്യോഗസ്ഥയാണ്. മഞ്ഞപ്ര സെന്റ് പാട്രിക് സ്കൂളിലെ വിദ്യാർത്ഥികളാണ് ജോവാനയും ജെസ്‌വിനും. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് അങ്കമാലി സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.

Advertisement
Advertisement