പിണറായിയുടെ പരാമർശം സൂക്ഷിച്ചു വേണമായിരുന്നു: വെള്ളാപ്പള്ളി

Sunday 09 June 2024 2:31 AM IST

ചേർത്തല : ഡോ.ഗീവർഗീസ് മാർ കുറിലോസിനെതിരെയുള്ള മുഖ്യമന്ത്റി പിണറായി വിജയന്റെ പരാമർശം സൂക്ഷിച്ചു വേണമായിരുന്നെന്ന് എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കണിച്ചുകുളങ്ങരയിലെ വസതിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെത്തുകാരന്റെ മകനായതിനാൽ സാധാരണക്കാരന്റെ ഭാഷയാണ് പിണറായിയുടേത്. പക്ഷേ, ഈ സമയത്ത് നടത്തിയ പരാമർശം ശരിയല്ലെന്നും പിണറായി വിജയന്റെ ചോരകുടിക്കാൻ ഒരുപാട് പേരുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം ഇടതു പക്ഷത്തിന് തിരിച്ചടിയായി. കോൺഗ്രസിന് നേട്ടവുമായി. അപ്രതീക്ഷിത നേട്ടമാണ് എൻ.ഡി.എ കൈവരിച്ചത്.ആലപ്പുഴയിൽ എൽ.ഡി.എഫ് പരാജയപ്പെടരുതായിരുന്നു. ആലപ്പുഴയിലെ സ്ഥാനാർത്ഥി നിർണയം പാളി. എ.എം.ആരിഫിന് ജയസാദ്ധ്യതയില്ലെന്ന് സി.പി.എം നേതൃത്വത്തെ അറിയിച്ചിരുന്നു. പാർട്ടി അണികൾക്ക് പോലും ആരിഫ് സ്വീകാര്യനല്ലായിരുന്നു. നിരാശാബോധം സി.പി.എം പ്രവർത്തകരിലുമുണ്ടായി. ലോക്സഭാ തിരഞ്ഞെടുപ്പിൽ പിന്നാക്ക വിഭാഗങ്ങൾ എൽ.ഡി.എഫിൽ നിന്ന് അകന്നു. ഭരണവിരുദ്ധ വികാരം മാത്രമല്ല, പിന്നാക്കവിഭാഗങ്ങളോടുള്ള അവഗണനയും വിവേചനവും പരാജയത്തിന് കാരണമായി. എൽ.ഡി.എഫിന്റെ അടിത്തറ ഈഴവ, പിന്നാക്ക വിഭാഗങ്ങളാണ്. ഈ വിഭാഗങ്ങളുടെ ചോരയും നീരുമാണ് ഇടതുപക്ഷം. അവരെ മറന്നാണ് മുസ്ലീം പ്രീണനം നടത്തുന്നത്. കാന്തപുരം പോലും സഹായിച്ചില്ലെന്ന് ഫലം വന്നപ്പോൾ തെളിഞ്ഞു. ബി.ജെ.പിക്ക് ദേശീയതലത്തിൽ ഒറ്റയ്‌ക്ക് ഭൂരിപക്ഷം കിട്ടിയില്ല. ഓരോ പാർട്ടിക്കും ഷോക്ക് ട്രീറ്റ്മെന്റായ തിരഞ്ഞെടുപ്പ് ഫലം പാർട്ടികൾക്ക് ആത്മ പരിശോധനയ്‌ക്കുള്ള അവസരമാണ് തുറന്നത്. സുരേഷ് ഗോപി ജയിക്കുമെന്ന് പ്രതീക്ഷിച്ചില്ല. എന്നാൽ വലിയ മല്ലന്മാരെ സുരേഷ് ഗോപി അടിച്ചു താഴെയിട്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.