അപ്രിയസത്യം മുഖ്യമന്ത്രി അംഗീകരിക്കില്ല:സതീശൻ

Sunday 09 June 2024 2:33 AM IST

ന്യൂഡൽഹി: അപ്രിയ സത്യങ്ങൾ അംഗീകരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയൻ ഒരു തിരുത്തലിനും തയ്യാറാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

ബിഷപ്പ് മാർ കൂറിലോസിനെതിരായ പ്രസ്‌താവന അതിന് തെളിവാണ്. കനത്ത ആഘാതം ജനങ്ങളിൽ നിന്നു കിട്ടിയിട്ടും, വിമർശിക്കുന്നവർ വിവരദോഷികളാണെന്ന് പറയുന്നത് ധാർഷ്‌ട്യം കൊണ്ടാണ്. ഈ ധാർഷ്‌ട്യം തുടരണമെന്നാണ് കോൺഗ്രസ് ആഗ്രഹിക്കുന്നത്.

പിണറായി വിജയനെ കാലം കാത്തുവച്ച നേതാവെന്ന് വിശേഷിപ്പിച്ച ആളാണ് മാർ കൂറിലോസ്. ഇടത്തോട്ട് ഇൻഡിക്കേറ്റർ ഇട്ട് വലത്തോട്ട് വണ്ടി ഓടിക്കുന്ന സർക്കാരും മുഖ്യമന്ത്രിയും തീവ്ര വലതുപക്ഷ നിലപാടിലേക്കാണ് പോകുന്നതെന്ന കൂറിലോസിന്റെ പ്രസ്‌താവന പിണറായിക്ക് ഉൾക്കൊള്ളാനായില്ല.

സർക്കാരിന്റെ മൂന്ന് വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് അസത്യങ്ങളും അതിയശയോക്തിയും കാപട്യവും നിറഞ്ഞ രേഖയാണ്. കൃഷിക്കാർക്ക് 50 ശതമാനം വരുമാന വർദ്ധന, റബറിന് 250 രൂപ വില തുടങ്ങിയ പ്രഖ്യാപനങ്ങൾ പൊളിഞ്ഞു. നാളികേര സംഭരണം നടന്നില്ല. നെല്ലിന്റെ താങ്ങുവില കുറച്ചു. ഏലം കർഷകരും പ്രതിസന്ധിയിലാണ്. ആരോഗ്യമേഖലയിൽ അനാസ്ഥയാണ്. തൊഴിലില്ലായ്‌മ കൂടി. ക്ഷേമനിധികൾ മുഴുവൻ തകർന്നു.

തൃശൂരിലെ തോൽവിയുമായി ബന്ധപ്പെട്ട് കെ. മുരളീധരനുമായി പാർട്ടി നേതൃത്വം സംസാരിച്ചിട്ടുണ്ട്. ആലത്തൂരിലെയും തൃശൂരിലെയും തോൽവി പരിശോധിക്കും. 18 സീറ്റിൽ ജയിച്ചതിന്റെ ശോഭ രണ്ടു സീറ്റിലെ തോൽവിയുടെ പേരിൽ ഇല്ലാതാക്കാനാകില്ല. നിയമസഭ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് വിജയിക്കും. ജോസ് കെ. മാണിയുടെ പാർട്ടിയെ മുന്നണിയിലേക്ക് കൊണ്ടു വരുന്നതുമായി ബന്ധപ്പെട്ട ഒരു ചർച്ചയും നടന്നിട്ടില്ല.

Advertisement
Advertisement