മാർ കൂറിലോസിനെതിരായ പരാമർശം (ഡെക്ക് ) ജനങ്ങൾക്ക് എല്ലാം അറിയാം: റിയാസ്

Sunday 09 June 2024 2:38 AM IST

കോഴിക്കോട്:ഗീവർഗീസ് മാർ കൂറിലോസിനെ പറ്റിയുള്ള മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ജനങ്ങൾക്ക് എല്ലാം അറിയാമെന്നും ഇടതുപക്ഷം വിമർശനം ഉൾക്കൊള്ളുന്ന പ്രസ്ഥാനമാണെന്നും അദ്ദേഹം പറഞ്ഞു.

വിമർശനം ആര് ഉന്നയിക്കുന്നതിലും കുഴപ്പമില്ല. സംസ്ഥാന സെക്രട്ടറിയായാലും മുഖ്യമന്ത്രിയായാലും വിമർശനത്തിൽ പ്രയാസം കാണാറില്ല. ഇടതുമുന്നണിയെ വീണ്ടും അധികാരത്തിൽ എത്തിക്കുന്നതിൽ വലിയ പങ്കുവഹിച്ചയാളാണ് മുഖ്യമന്ത്രി. ഒരു മാദ്ധ്യമ ഉടമയാണ് തിരുവനന്തപുരത്ത് മത്സരിച്ചത്. ഇടതുപക്ഷത്തെ അടിച്ചു ശരിയാക്കണമെങ്കിൽ മുഖ്യമന്ത്രിയെ താറടിക്കണം. മുഖ്യമന്ത്രി പാർട്ടിക്കൊപ്പം നിൽക്കുന്നിടത്തോളം അദ്ദേഹത്തെ താറടിക്കും. അത് മുഖ്യമന്ത്രിയോടുള്ള വ്യക്തിപരമായ പ്രശ്നമല്ല. ഇടതുപക്ഷ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുക എന്ന അജണ്ടയുടെ ഭാഗമാണ്. പ്രതിപക്ഷ നേതാവും കെ.പി.സി.സി അദ്ധ്യക്ഷനും വാർത്താ സമ്മേളനത്തിൽ ഉപയോഗിച്ചത് നിഘണ്ടുവിൽ പോലും വയ്ക്കാൻ പറ്റാത്ത പദമാണ്.

തിരഞ്ഞെടുപ്പ് തോൽവി വിശദമായി ചർച്ചചെയ്യും. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന സമിതിയും താഴെത്തട്ടിൽ പരിശോധന നടത്തും. ബി.ജെ.പിക്ക് കേരളത്തിൽ സീറ്റ് കിട്ടിയത് യു.ഡി.എഫ് ഗൗരവമായി പരിശോധിക്കണം. 2019ലും 2024ലും കിട്ടിയ വോട്ട് പരിശോധിക്കണം. ഒരു ലക്ഷം വോട്ടാണ് കുറഞ്ഞത്. എൽ.ഡി.എഫിന് വോട്ട് കൂടി. ബി.ജെ.പി വിജയം പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisement
Advertisement