പെൻഷൻ, ഡി.എ കുടിശിക തീർക്കാൻ 16000കോടിവേണം
തിരുവനന്തപുരം: മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പ്രകാരം സാമൂഹ്യക്ഷേമപെൻഷനും ജീവനക്കാരുടെ ക്ഷാമബത്തയും കുടിശിക തീർത്ത് പ്രതിമാസം നൽകണമെങ്കിൽ ചുരുങ്ങിയത് 16000കോടിരൂപ ഉടൻ കണ്ടെത്തണം.ക്ഷേമപെൻഷൻ ഏപ്രിൽ മുതൽ അതത് മാസം നൽകുമെന്ന ബഡ്ജറ്റ് പ്രഖ്യാപനം ജൂൺ ആയിട്ടും നടപ്പാക്കാനായില്ല.ജനുവരി മുതലുള്ള കുടിശിക നൽകാനുണ്ട്.
1600രൂപവീതം 52 ലക്ഷം പേർക്ക് നൽകാൻ ഒരുമാസം 912കോടിരൂപ വേണം.മേയ് മാസം വരെയുള്ള കുടിശിക തീർക്കാൻ തന്നെ 4560 കോടി വേണം.
പുതിയ സാമ്പത്തിക വർഷം തുടങ്ങിയതോടെ കടമെടുക്കാൻ സൗകര്യം കിട്ടിയെങ്കിലും സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായിട്ടില്ല. 37513കോടിയാണ് എടുക്കാവുന്നത്. 5000കോടി എടുത്തുകഴിഞ്ഞു.പ്രതിമാസം ശമ്പളവും പെൻഷനുമടക്കമുള്ള ചെലവുകൾക്ക് തികയാതെ വരുന്ന പണം കണ്ടെത്താൻ 2000കോടിയിലേറെ കടമെടുക്കേണ്ട സ്ഥിതിയിലാണ് സർക്കാർ. ഈ സാഹചര്യത്തിൽ 16000 കോടി വായ്പയെടുത്ത് സാമൂഹ്യപെൻഷനും ഡി.എ.കുടിശികയും കൊടുത്തുതീർക്കാനാവില്ല. സാമൂഹ്യസുരക്ഷാപെൻഷൻ ലിമിറ്റഡ്കമ്പനിയിലൂടെ വായ്പയെടുത്ത് കൊടുക്കാനുള്ള സാഹചര്യം കേന്ദ്രസർക്കാരിന്റെ കടുംപിടിത്തം മൂലം ഇല്ലാതായി. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രാവർത്തികമാക്കാൻ സംസ്ഥാനത്തിന് മറ്റ് വഴികൾ തേടേണ്ടിവരും.
ഡി.എ 28%, കിട്ടുന്നത് 9%;
12000 കോടി വേണം
1. സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 28 ശതമാനമാണ്.ഇതിൽ ഒൻപത് ശതമാനമാണ് നിലവിൽ നൽകുന്നത്.അതിൽ രണ്ടു ശതമാനം നൽകിത്തുടങ്ങിയത് ഈ വർഷം ഏപ്രിലിലാണ്.19% കുടിശികയാണ്. ശമ്പളപരിഷ്കരണം നടപ്പാക്കിയ
2021 ജൂലായ് മുതൽ 2024 മാർച്ച് വരെയുള്ള കുടിശിക കിട്ടാനുണ്ട്.
2.ഏറ്റവും താഴെയുള്ള സർക്കാർ ഉദ്യോഗസ്ഥന്റെ ശമ്പളം 23700രൂപയാണ്. നിലവിലെ രീതിയിൽ 6636 രൂപയാണ് പ്രതിമാസr ഡി.എ.കിട്ടേണ്ടത്. കിട്ടുന്നതാകട്ടെ 2133രൂപ മാത്രവും.കുടിശിക 4503രൂപ. കൂടിയ ശമ്പളം കിട്ടുന്ന അണ്ടർസെക്രട്ടറിക്ക് 22000രൂപയ്ക്കുമേലും സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന് ഏഴായിരം രൂപയ്ക്ക് മേലുമാണ് പ്രതിമാസ കുടിശിക.ആകെ 5.12ലക്ഷം സർക്കാർ ജീവനക്കാരാണുള്ളത്. ഇവർക്കെല്ലാം ഡി.എ.കുടിശിക നൽകാൻ 12000കോടിയെങ്കിലും വേണ്ടിവരും.