അട്ടിമറിസ്ഥാൻ!

Sunday 09 June 2024 3:23 AM IST

ഗയാന: ട്വന്റി-20 ലോകകപ്പിൽ അട്ടിമറി തുടരുന്നു. ഗ്രൂപ്പ് സിയിൽ ഇന്നലെ നടന്ന ഗയാന വേദിയായ മത്സരത്തിൽ അഫ്ഗാനിസ്ഥാൻ 84 റൺസിന് ന്യൂസിലൻഡിനെ കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. മറുപടിക്കിറങ്ങിയ ന്യൂസിലൻഡ് 15.2 ഓവറിൽ 75 റൺസിന് ഓൾഔട്ടാവുകയായിരുന്നു. 4 വിക്കറ്റ് വീതം വീഴ്ത്തിയ അഫ്ഗാൻ ക്യാപ്ടൻ റാഷിദ് ഖാനും പേസർ ഫസൽഹഖ് ഫറുഖിയുമാണ ്കിവി ബാറ്റിംഗ് നിരയെ ചൂട്ടുകൊട്ടാരം പോലെ വീഴ്ത്തിയത്. ഗ്ലെൻ ഫിലിപ്സിനും (18), മാറ്റ് ഹെൻറിക്കും (12) മാത്രമാണ് ന്യൂസിലനഡ് ബാറ്റർമാരിൽ രണ്ടക്കം കടക്കാനായത്. കിവി ഇന്നിംഗ്സിലെ ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ മനോഹരമായ ഇൻ സിംഗറിലൂടെ ഗ്ലെൻഫിലിപ്സിന്റെകുറ്റി തെറിപ്പിച്ച് ഫറൂഖി അഫ്ഗാന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. ക്യാപ്ടൻ കേൻ വില്യംസൺ 9 റൺസെടുത്ത് പുറത്തായി.

നേരത്ത ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങി അഫ്ഗാനായി റഹ്മാനുള്ല ഗു‌ർബാസും (56 പന്തിൽ 80), ഇബ്രാഹിം സദ്രനും (44) തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചറി കൂട്ടുകെട്ടുണ്ടാക്കി. 87 പന്തിൽ ഇരുവരും 103 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. മൂന്നാമനായെത്തിയ അസ്മത്തുള്ല ഒമർസായിയും (22) ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. ന്യൂസിലൻഡ് താരങ്ങൾ കൈവിട്ട് ക്യാച്ചുകളും റണ്ണൗട്ട് ചാൻസുകളും അഫ്ഗാന് തുണയായി. ന്യൂസിലൻഡിനായി ബോൾട്ടും ഹെന്റിറിയും 2 വിക്കറ്റ് വീതം വീഴ്ത്തി.

84- ട്വന്റി-20 ലോകകപ്പിൽ ചേസ് ചെയ്ത മത്സരങ്ങളിൽ ന്യൂസിലൻഡിന്റെ ഏറ്റവും വലിയ തോൽവിയാണ് അഫ്ഗാനെതിരെ വഴങ്ങിയത്. ട്വന്റി-20യിൽ ആദ്യമയാണ് അഫ്ഗാൻ കിവീസിനെ തോൽപ്പിക്കുന്നത്. ലോകകപ്പുകളിൽ ഫുൾമെമ്പർ അല്ലാത്ത രാജ്യത്തോട് ആദ്യമായാണ് ന്യൂസിലൻഡ് തോൽക്കുന്നത്.

75- എന്ന ടോട്ടൽ ട്വന്റി- ലോകകപ്പിൽ ഏറ്റവുംചെറിയ രണ്ടാമത്തെ ടോട്ടലാണ്. ട്വന്റി-20 ലോകകപ്പിൽ 100 റൺസിൽ താഴെ ടോട്ടലിൽ പുറത്താകുന്ന ടീമുകളിൽ രണ്ടാം സ്ഥാനത്താണ് ന്യൂസിലൻഡ് (13). ഒന്നാംസ്ഥാനത്തുള്ളത് റവാൻഡ.

4/17 -ട്വന്റി-20ലോകകപ്പിൽ ഒരു ക്യാപ്ടന്റെഏറ്റവും മികച്ച ബൗളിംഗ് പ്രകടനമാണ് റാഷിദ് നടത്തിയത്.

1- ട്വന്റി-20 ലോകകപ്പിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ നാലൊ അതിൽ കൂടുതലോ വിക്കറ്റ് നേടുന്ന ആദ്യ താരമാണ് ഫറൂഖി.

Advertisement
Advertisement