ഛെത്രിയില്ലാത്ത ഇന്ത്യ ഖത്തറിലേക്ക്

Sunday 09 June 2024 3:24 AM IST

ഇന്ത്യ- ഖത്തർ ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരം ചൊവ്വാഴ്ച

സുനിൽ ഛെത്രി വിരമിച്ച ശേഷമുള്ള ഇന്ത്യയുടെ ആദ്യ മത്സരം

കൊൽക്കത്ത : രണ്ട് പതിറ്റാണ്ടോളം ചങ്കും ചങ്കിടിപ്പുമായിരുന്ന സുനിൽ ഛെത്രിക്ക് യാത്ര പറഞ്ഞ് ഇന്ത്യൻ ഫുട്ബാൾ ടീം ലോകകപ്പ് യോഗ്യതയുടെ

രണ്ടാം റൗണ്ടിലെ അവസാന മത്സരത്തിനായി ഖത്തറിലേക്ക് പുറപ്പെട്ടു. ജൂൺ 11ന് ദോഹയിലെ ജാസിം ബിൻ അഹമ്മദ് സ്റ്റേഡിയത്തിലാണ് ഇന്ത്യയ്ക്ക് ഏറെ നിർണായകമായ മത്സരം.

കൊൽക്കത്തയിൽ വ്യാഴാഴ്ച നടന്ന കുവൈറ്റിനെതിരായ യോഗ്യതാ മത്സരത്തിലൂടെയാണ് സുനിൽ ഛെത്രി വിരമിച്ചത്. ഇന്നലെയാണ് കൊൽക്കത്തയിൽ നിന്ന് മറ്റ് ടീമംഗങ്ങൾ ഖത്തറിലേക്ക് വിമാനം കയറിയത്. ടീം താമസിച്ചിരുന്ന ഹോട്ടലിൽ തന്റെ മുൻ സഹതാരങ്ങളെ യാത്ര അയയ്ക്കാൻ ഛെത്രി എത്തിയിരുന്നു. വിരമിച്ചതിന് ശേഷം വിശ്രമമില്ലാത്ത സ്വീകരണ പരിപാടികളിലായിരുന്നു ഛെത്രി. ഛെത്രിയുടെ പ്രിയതമ സോനത്തിന്റെ വീട് കൊൽക്കത്തയിലാണ്. മോഹൻ ബഗാന്റെയും ഈസ്റ്റ് ബംഗാളിന്റെയും മുൻ കോച്ച് സുബ്രതാ ബട്ടാചാര്യയുടെ മകളാണ് സോനം. ദീർഘനാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും 2017ൽ വിവാഹിതരായത്. ഒൻപത് മാസം പ്രായമുള്ള ധ്രുവ് മകനാണ്.

കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവിടാനായാണ് വിരമിക്കാനുള്ള തീരുമാനമെടുത്തതെന്ന് ഛെത്രി പറഞ്ഞു. ഖത്തറിലേക്കു പോകുന്ന ടീമിന് വിജയിക്കാനാകുമെന്ന പ്രതീക്ഷയും പങ്കുവച്ചു.

തോറ്റാൽ പോയി

ചരിത്രത്തിലാദ്യമായി ലോകകപ്പ് യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്ക് കടക്കുന്നത് ഉറപ്പാക്കണമെങ്കിൽ ഇന്ത്യയ്ക്ക് ഖത്തറിനോട് തോൽക്കാതിരുന്നേ മതിയാകൂ. എന്ന സ്ഥിതിയാണ്.

ഗ്രൂപ്പ് എയിൽ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാർക്കാണ് മൂന്നാം റൗണ്ടിലേക്ക് പ്രവേശനം. ഖത്തർ ഒന്നാമന്മാരായി പ്രവേശനം ഉറപ്പാക്കിയിട്ടുണ്ട്.

അഞ്ചു പോയിന്റുള്ള ഇന്ത്യ നിലവിൽ രണ്ടാം സ്ഥാനത്താണ്. മൂന്നാമതുള്ള അഫ്ഗാനും അഞ്ചുപോയിന്റുണ്ട്. നാലാമതുള്ള കുവൈറ്റിന് നാലുപോയിന്റും. ചൊവ്വാഴ്ച അഫ്ഗാനും കുവൈറ്റും തമ്മിലുള്ള മത്സരവും ഇന്ത്യയ്ക്ക് നിർണായകമാണ്.

ഖത്തറിനോട് ഇന്ത്യ തോറ്റാൽ അഫ്ഗാൻ -കുവൈറ്റ് മത്സരത്തിന്റെ ഫലമെന്തയാലും ഇന്ത്യ പുറത്താകും. ഖത്തറിനെ സമനിലയിൽ തളച്ചാൽ അഫ്ഗാൻ -കുവൈറ്റ് മത്സരം കൂടി സമനിലയിലായാൽ ഇന്ത്യയ്ക്ക് പ്രതീക്ഷയുണ്ട്.

1

ഇതുവരെ അഞ്ചുതവണ ഇന്ത്യയും ഖത്തറും ഏറ്റുമുട്ടിയതിൽ ഒരു തവണമാത്രമാണ് ഇന്ത്യ ജയിച്ചത്. 2011ലെ സൗഹൃദമത്സരത്തിലായിരുന്നു അത്. രണ്ട് കളികൾ ഖത്തർ ജയിച്ചപ്പോൾ രണ്ട് കളി സമനിലയിലായി.

ഫോട്ടോ ക്യാപ്ഷൻ : ജൂൺ രണ്ടിന് പ്രസിദ്ധീകരിച്ച കേരള കൗമുദി വാരാന്ത്യപതിപ്പിലെ തന്നെക്കുറിച്ചുള്ള ഫീച്ചർ വീക്ഷിക്കുന്ന മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്ടൻ സുനിൽ ഛെത്രി

Advertisement
Advertisement