സുരേഷ്‌ഗോപി കേന്ദ്രമന്ത്രിയാവില്ല?, സത്യപ്രതിജ്ഞയിൽ അനിശ്ചിതത്വം തുടരുന്നു

Sunday 09 June 2024 9:35 AM IST

തിരുവനന്തപുരം: സുരേഷ്‌ഗോപി ഇന്ന് കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കില്ലെന്ന് റിപ്പോർട്ട്. നേരത്തേ കരാർ ഉറപ്പിച്ച സിനിമകൾ പൂർത്തിയാക്കേണ്ടതുള്ളതിനാൽ തൽക്കാലം മന്ത്രിസഭയിലേക്ക് ഇല്ലെന്ന നിലപാടിലാണ് സുരേഷ്‌ഗോപി. എന്നാൽ മന്ത്രിയായാലേ പറ്റൂ എന്നാണ് കേന്ദ്രനേതൃത്വത്തിന്റെ നിലപാട്. കേരളത്തിൽ നിന്നുള്ള ആദ്യ തിരഞ്ഞെടുക്കപ്പെട്ട എംപി എന്നനിലയിൽ അദ്ദേഹത്തിന് ക്യാബിനറ്റ് പദവി തന്നെ നൽകണമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം. എന്നാൽ തന്നെ ഒഴിവാക്കണമെന്നാണ് സുരേഷ് ഗോപിയുടെ ആവശ്യം.

അദ്ദേഹം ഇപ്പോഴും തിരുവനന്തപുരത്ത് തുടരുകയാണ്. ഉച്ചയ്ക്ക് 12.30നുള്ള വിമാനത്തിൽ ഡൽഹിക്ക് പോയേക്കുമെന്നും കേൾക്കുന്നുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാവിലെ ചില ക്ഷേത്രങ്ങളിൽ ദർശനം നടത്തുമെന്ന് നേരത്തേ കേട്ടിരുന്നെങ്കിലും അതും ഉണ്ടായിട്ടില്ല. ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാനും അദ്ദേഹം തയ്യാറായിട്ടില്ല. മന്ത്രിയാവാൻ ബിജെപി കേന്ദ്ര നേതൃത്വം സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നാണ് വിവരം.

ബിഗ് ബഡ്ജറ്റുകൾ ഉൾപ്പടെ നാലുസിനിമകളാണ് സുരേഷ്‌ഗോപിക്ക് പൂർത്തിയാക്കാനുള്ളത്. ഇതിൽ പകുതി പൂർത്തിയാക്കിയതും ഉൾപ്പെടും. സിനിമയുടെ ജോലികൾ എല്ലാം തീർക്കാൻ ചുരുങ്ങിയത് രണ്ടുവർഷമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. മന്ത്രിസഭയിലേക്ക് എത്തുന്നത് ഇതിന് തടസമാകുമെന്ന ആശങ്ക നേരത്തേ തന്നെ സുരേഷ് ഗോപി നേതൃത്വത്തിനെ അറിയിച്ചിരുന്നു.

ഇന്ന് വൈകിട്ട് 7.15ന് രാഷ്‌ട്രപതി ഭവൻ അങ്കണത്തിലാണ് നരേന്ദ്രമോദിയുടെ എൻ.ഡി.എ സർക്കാരിന്റെ സത്യപ്രതിജ്ഞ . രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും. രാഷ്‌ട്രത്തലവൻമാർ, മതമേലദ്ധ്യക്ഷൻമാർ, ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ രക്ഷാപ്രവർത്തനം നടത്തിയ റാറ്റ് മൈനേഴ്സ്, വന്ദേഭാരത് ട്രെയിൻ നിർമ്മിക്കുന്ന റെയിൽവേ ജീവനക്കാർ, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കൾ, 'വികസിത് ഭാരത്' അംബാസഡർമാർ തുടങ്ങി 9000ത്തോളം അതിഥികൾ പങ്കെടുക്കും.ചടങ്ങിന്റെ ഭാഗമായി ഡൽഹിയിൽ മൂന്നുനിര സുരക്ഷ ഒരുക്കി.

ടി.ഡി.പിക്കും ജെ.ഡി.യുവിനും ഒരു ക്യാബിനറ്റ് മന്ത്രിയും രണ്ട് സഹമന്ത്രിമാരും ഇരു സംസ്ഥാനങ്ങൾക്കും കൂടുതൽ സഹായ പാക്കേജുകളുമാണ് വാഗ്‌ദാനം. എൽ.ജെ.പി, ശിവസേന, എൻ.സി.പി. ജെ.ഡി.എസ്, അപ്‌നാദൾ എന്നിവർക്ക് ഒരു ക്യാബിനറ്റ് മന്ത്രി അല്ലെങ്കിൽ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയെ ലഭിച്ചേക്കും. ജനസേനയ്‌ക്ക് സഹമന്ത്രിയും.ഇക്കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്‌ട്രയ്‌ക്കും മികച്ച പരിഗണന ലഭിച്ചേക്കും.

മന്ത്രിമാരുടെ സാദ്ധ്യതാ പട്ടിക

ബി.ജെ.പി:

സുരേഷ് ഗോപി, രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി, രവിശങ്കർ പ്രസാദ്, പീയൂഷ് ഗോയൽ, എസ്.ജയശങ്കർ, അശ്വനി വൈഷ്‌ണവ്, ധർമ്മേന്ദ്ര പ്രധാൻ, ജ്യോതിരാദിത്യ സിന്ധ്യ, അനുരാഗ് സിംഗ് താക്കൂർ, കിരൺ റിജിജു, ജിതേന്ദ്ര സിംഗ്, അർജുൻ മേഘ്‌വാൾ, സർബാനന്ദ സോണോവാൾ, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ശിവ് രാജ് സിംഗ് ചൗഹാൻ, ബിപ്ലവ് ദേവ്, കിഷൻ റെഡ്‌ഡി, നാരായൺ റാണെ, സുകേന്ദു അധികാരി, ബാൻസുരി സ്വരാജ്, ശോഭാ കരന്ത്ലാജെ, ഡി. പുരന്ദേശ്വരി

സഖ്യ കക്ഷികൾ:

റാം മോഹൻ നായിഡു, ഹരീഷ് ബാലയോഗി, ദഗ്ഗുമല പ്രസാദ് (ടി.ഡി.പി),

ലലൻ സിംഗ്, രാംനാഥ് താക്കൂർ (രാഷ്‌ട്രം ഭാരത രത്നം നൽകി ആദരിച്ച അന്തരിച്ച കർപ്പൂരി ഠാക്കൂറിന്റെ പുത്രൻ ), സഞ്ജയ് ഝാ (ജെ.ഡി.യു),ചിരാഗ് പാസ്വാൻ (എൽ.ജെ.പി), എച്ച്.ഡി. കുമാരസ്വാമി (ജെ.ഡി.എസ്), വല്ലഭനേനി ബാലശൗരി (ജനസേന), അനുപ്രിയ പട്ടേൽ (അപ്‌നാദൾ), ജിതൻ റാം മാഞ്ചി (എച്ച്.എ.എം), ജയന്ത് ചൗധരി (ആർ.എൽ.ഡി), പ്രഫുൽ പട്ടേൽ, സുനിൽ തത്‌ക്കരെ (എൻ.സി.പി), രാംദാസ് അതവാലെ (ആർ.പി.ഐ).

Advertisement
Advertisement