ഗണേശ് കുമാറിന്റെ പരിഷ്കാരങ്ങൾ അവസാനിക്കുന്നില്ല, ലാഭം ഇരട്ടിക്കും: കെഎസ്ആർടിസി ബസുകൾക്ക് 'പുതിയ മുഖം'

Sunday 09 June 2024 11:10 AM IST

തിരുവനന്തപുരം: കനത്ത നഷ്ടം വരുത്തിവയ്ക്കുകയും പാതിവഴിയിൽ ഉപേക്ഷിക്കുകയും ചെയ്ത പഴയ മിനിബസ് പദ്ധതി വീണ്ടും കെ.എസ്.ആർ.ടി.സി പൊടിതട്ടിയെടുക്കുന്നു. പ്ലാൻ ഫണ്ടിലെ 95 കോടി രൂപ ഉപയോഗിച്ച് 400 മിനി ബസ് വാങ്ങും. ഇതിനായി ടെൻഡർ ഉടൻ വിളിക്കും.

എ.സി, നോൺ​ എ.സി​ ബസുകളാണ് വാങ്ങുക. എ.സി​ ബസുകൾ പ്രിമിയം സൂപ്പർഫാസ്റ്റായി സർവീസ് നടത്താനാണ് പ്ലാൻ. 10 മീറ്റർ നീളമുള്ള ബസിൽ 32 സീറ്റുണ്ടാകും. നിരീക്ഷണ ക്യാമറകൾ, എൽ.ഇ.ഡി ടിവി, മ്യൂസിക് സിസ്റ്റം എന്നിവയുമുണ്ടാകും. വകുപ്പ് മന്ത്രി കെ ബി ഗണേശ്‌കുമാറിന്റെ നിർദ്ദേശപ്രകാരമാണ് നടപടി.

2001 - 03 ൽ ഗണേശ്‌കുമാർ ഗതാഗതമന്ത്രിയായിരിക്കെയാണ് മിനി ബസുകൾ വാങ്ങിത്തുടങ്ങിയത്. ആദ്യ വർഷംതന്നെ 47 ലക്ഷം രൂപയുടെ ക്രമക്കേട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. അതോടെ വിവാദവും തലപൊക്കി. ആദ്യം നൂറു ബസും പിന്നീട് 350 ബസുമാണ് വാങ്ങിയത്.

ഇപ്പോൾ സൂപ്പർഫാസ്റ്റായി മിനി ബസുകൾ ഓടുമ്പോൾ എത്രത്തോളം വിജയിക്കുമെന്ന കാര്യത്തിൽ കെ.എസ്.ആർ.ടി.സി തലപ്പത്തുള്ളവർക്കു ആശങ്കയുണ്ടെങ്കിലും മൗനം പാലിക്കുകയാണ്. സുഖകരമായ ദീർഘയാത്രയ്ക്ക് വലിയ ബസുകൾ തന്നെ വേണമെന്നിരിക്കെയാണ് മിനി ബസിനെ സൂപ്പർഫാസ്റ്റിന്റെ വേഷം കെട്ടിക്കുന്നത്.


 അന്ന് ആക്രിവിലയ്ക്ക് വിറ്റു
ബസിന്റെ വലിപ്പക്കുറവും സുഖകരമല്ലാത്ത യാത്രയും കാരണം മിനി ബസുകളെ യാത്രക്കാർ കൈയൊഴിഞ്ഞിരുന്നു. സാധാരണ ബസുകൾ 15 വ‌ർഷം വരെ കുഴപ്പമൊന്നുമില്ലാതെ സർവീസ് നടത്തുമ്പോൾ മിനി ബസ് 10 വർഷം ആകുംമുമ്പേ കട്ടപ്പുറത്തായി. വാർഷിക അറ്റക്കുറ്റപ്പണിക്ക് ചെലവായത് നാലുകോടിയോളം രൂപ. നിവൃത്തിയില്ലാതെ ലേലം ചെയ്തു വിൽക്കുകയായിരുന്നു. 12 ലക്ഷം രൂപയായിരുന്നു ഒന്നിന്റെ വില. വിറ്റത് അമ്പതിനായിരം രൂപയ്ക്ക്.


 സൂപ്പർഫാസ്റ്റാകുമ്പോൾ ലാഭം!
23 മുതൽ 25 ലക്ഷം രൂപ വരെയാണ് മിനി ബസിന് ഇപ്പോൾ വില. പ്രിമിയം സൂപ്പർഫാസ്റ്റായി ഓടിക്കുമ്പോൾ വരുമാന വർദ്ധനയുണ്ടാകുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതർ പറയുന്നത്. എല്ലാ സൂപ്പർഫാസ്റ്റുകളിലും ബസ് നിറയെ യാത്രക്കാരുണ്ടാകാറില്ല. പ്രിമിയം സർവീസ് നിരക്ക് കൂടുതലാണ്. അതിനാൽ കളക്ഷൻ കൂടും. സിലിണ്ടർ ബസുകൾക്ക് ഇന്ധനക്ഷമതയും കൂടുതലാണ്. മുമ്പ് മിനി ബസ് വാങ്ങിയപ്പോൾ സംഭവിച്ചതൊന്നും ഇപ്പോഴുണ്ടാകില്ലെന്നും മാനേജ്‌മെന്റ് അവകാശപ്പെടുന്നു .

Advertisement
Advertisement