മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് പിണറായിക്കും ക്ഷണം; ക്ഷണക്കത്ത് ലഭിച്ചു

Sunday 09 June 2024 11:13 AM IST

തിരുവനന്തപുരം: മൂന്നാം എൻ ഡി എ സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനും ക്ഷണം. ഔദ്യോഗിക ക്ഷണക്കത്ത് കേരള ഹൗസിലാണ് ലഭിച്ചത്. മുഖ്യമന്ത്രി ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് സൂചന.

ചടങ്ങിൽ പങ്കെടുക്കാൻ നടൻ മോഹൻലാലിനെ നരേന്ദ്ര മോദി നേരിട്ട് വിളിച്ചിരുന്നു. വ്യക്തിപരമായ അസൗകര്യം മൂലം പങ്കെടുക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം മോദിയെ അറിയിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് 115 ബി ജെ പി നേതാക്കൾക്കും ക്ഷണമുണ്ട്.

അതേസമയം, നടനും നിയുക്ത എംപിയുമായ സുരേഷ് ഗോപി സകുടുംബം ഡൽഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മോദിജി വിളിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ തീരുമാനം അനുസരിക്കുന്നുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ചായ സത്കാരാത്തിൽ രാഷ്‌ട്രപതി ഭവനിൽ നിന്നും ക്ഷണിച്ചിട്ടുണ്ടെന്നാണ് വിവരം.


ജവഹർലാൽ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്നാം തവണ പ്രധാനമന്ത്രിയാകുന്ന റെക്കാഡ് കുറിച്ചാണ് മോദിയുടെ എൻ.ഡി.എ സർക്കാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. രാഷ്‌ട്രപതി ഭവൻ അങ്കണത്തിൽ വൈകിട്ട് 7.15ന് രാഷ്‌ട്രപതി ദ്രൗപദി മുർമു സത്യവാചകം ചൊല്ലിക്കൊടുക്കും.

ചടങ്ങിൽ രാഷ്‌ട്രത്തലവൻമാർ, മതമേലദ്ധ്യക്ഷൻമാർ, ഉത്തരാഖണ്ഡിലെ തുരങ്കത്തിൽ രക്ഷാപ്രവർത്തനം നടത്തിയ റാറ്റ് മൈനേഴ്സ്, വന്ദേഭാരത് ട്രെയിൻ നിർമ്മിക്കുന്ന റെയിൽവേ ജീവനക്കാർ, കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കൾ, 'വികസിത് ഭാരത്' അംബാസഡർമാർ തുടങ്ങി 9000ത്തോളം അതിഥികൾ പങ്കെടുക്കും. ചടങ്ങിന്റെ ഭാഗമായി ഡൽഹിയിൽ മൂന്നുനിര സുരക്ഷ ഒരുക്കി.

Advertisement
Advertisement