തൃശൂരിൽ വീണ്ടും അപകടം, കടയുടെ മുൻപിൽ പത്രം വായിച്ച് കൊണ്ടിരുന്നവരുടെ ഇടയിലേക്ക് കാർ ഇടിച്ച് കയറി; ഒരാൾ മരിച്ചു

Sunday 09 June 2024 12:32 PM IST

തൃശൂർ: നിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി ഒരാൾ മരിച്ചു. തൃശൂർ ചാഴൂർ തെക്കേ ആലിന് സമീപമാണ് അപകടം നടന്നത്. പഴുവിൽ വെസ്റ്റ് കൊറ്റംകുളത്തിന് സമീപം താമസിക്കുന്ന വേളൂക്കര ഗോപി (61) ആണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ചാഴൂർ ചിറമ്മൽ സിജോ (43), ചാഴൂർ കിഴക്കേപ്പുരയ്‌ക്കൽ ശ്രീധരൻ (59) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 6.15നാണ് അപകടം നടന്നത്. സമീപത്തെ ചായക്കടയിൽ നിന്ന് ചായ കുടിച്ച് തട്ടുകടയുടെ മുൻപിൽ പത്രം വായിച്ച് കൊണ്ടിരുന്നവരുടെ ഇടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചു കയറുകയായിരുന്നു. പെരിങ്ങോട്ടുകര ഭാഗത്ത് നിന്ന് വന്ന കാറാണ് ഇടിച്ചത്. ഡ്രെെവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് കരുതുന്നു. അപകടത്തിൽ പരിക്കേറ്റ മൂവരെയും തൃശൂർ എലെെറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗോപിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

ഇന്ന് പുലർച്ചെ തൃശൂരിൽ മറ്റൊരു അപകടവും നടന്നിരുന്നു. കെഎസ്ആർടിസി വോൾവോ ബസിടിച്ച് ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു. മൂന്ന് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് റിപ്പോർട്ട്.

സ്റ്റാൻഡിൽ നിന്നിറങ്ങി പുറത്തേക്ക് വരുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് ഇരുമ്പുവേലി തകർത്ത് പ്രതിമയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസ് അപകടസ്ഥലത്തുനിന്ന് മാറ്റുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ബസിന് ഭാഗികമായ കേടുപാടുകളുണ്ട്. കോഴിക്കോട്ടേയ്ക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിനിടയാക്കിയ കാരണത്തെക്കുറിച്ച് വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.

Advertisement
Advertisement