ലഹരി വേട്ടയ്ക്ക് മാത്രമല്ല, ജീവൻ രക്ഷിക്കാനും എക്സൈസ്; അഭിനന്ദന പ്രവാഹം

Sunday 09 June 2024 1:04 PM IST

കണ്ണൂർ: കാട് വെട്ടിത്തെളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ തൊഴിലാളിക്ക് രക്ഷകരായി എക്സൈസ് ഉദ്യോഗസ്ഥർ. ന്യൂ മാഹി ടൗണിന് സമീപമുള്ള പറമ്പിൽ കാട് വൃത്തിയാക്കുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി പവിത്രൻ എന്നയാൾക്ക് വൈദ്യുതാഘാതം ഏറ്റു. വലിയ ശബ്ദം കേൾക്കുകയും മിന്നൽ പോലൊരു വെളിച്ചം കാണുകയും ചെയ്ത സമീപത്തെ ന്യൂ മാഹി എക്സൈസ് ചെക്ക്പോസ്റ്റിലെ ഉദ്യോഗസ്ഥർ അവിടേക്ക് ഓടിയെത്തി.

പവിത്രൻ വൈദ്യുതാഘാതമേറ്റ് കിടക്കുന്നതാണ് അവർ കണ്ടത്. ഉടൻ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി കെ ഷിബു പവത്രനെ വൈദ്യുതി ബന്ധത്തിൽ നിന്ന് വേർപെടുത്തി. തുടർന്ന് പ്രഥമ ശുശ്രൂഷ നൽകിയശേഷം മാഹി ഗവൺമെന്റ് ആശുപത്രിയിൽ എത്തിച്ചു. അപകട നില തരണം ചെയ്ത് ആശുപത്രിയിൽ നിന്നും തിരിച്ചു വരവെ, തന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന എക്സൈസ് ഉദ്യോഗസ്ഥരെ ചേർത്ത് പിടിച്ച് പവിത്രൻ നന്ദി പ്രകാശിപ്പിച്ചു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി കെ ഷിബു, പ്രിവന്റീവ് ഓഫീസർ കെ.രാജീവൻ, സിവിൽ എക്സൈസ് ഓഫീസർ വി.കെ. ഫൈസൽ എന്നിവരാണ് സമയോചിതമായ രക്ഷാപ്രവർത്തനത്തിലൂടെ മാതൃകയായത്.

പരിശീലനം പൂർത്തിയാക്കി

പരിശീലനം പൂർത്തിയാക്കിയ 135 സിവിൽ എക്സൈസ് ഓഫീസർമാരും, 9 വനിത സിവിൽ എക്സൈസ് ഓഫീസർമാരും സത്യപ്രതിജ്ഞ ചെയ്ത് കേരള എക്സൈസ് വകുപ്പിന്റെ ഭാഗമായി.തൃശൂർ സ്റ്റേറ്റ് എക്സൈസ് അക്കാദമിയിൽ നടന്ന പാസിംഗ് ഔട്ട് പരേഡിൽ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് സേനാംഗങ്ങളുടെ സല്യൂട്ട് സ്വീകരിച്ചു.

പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവച്ച് ബെസ്റ്റ് ഇൻഡോർ, ബെസ്റ്റ് ഔട്ട്ഡോർ, ബെസ്റ്റ് ഓൾ റൗണ്ടർ എന്നീ പുരസ്കാരങ്ങൾ നേടിയ സേനാംഗങ്ങൾക്ക് മന്ത്രി പുരസ്കാരങ്ങൾ നൽകി. ബെസ്റ്റ് ഇൻഡോർ ആയി തിരുവനന്തപുരം സ്വദേശി ഗോകുൽ.എ.എസ്, ബെസ്റ്റ് ഔട്ട്ഡോർ ആയി കൊല്ലം സ്വദേശി. രാഹുൽ മനോഹർ, ബെസ്റ്റ് ഓൾ റൗണ്ടറായി എറണാകുളം സ്വദേശി . ബിലാൽ.പി.സുൾഫി എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ചടങ്ങിൽ ബഹുമാനപ്പെട്ട എക്സൈസ് കമ്മീഷണർ, അഡീഷണൽ എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെന്റ്), എക്സൈസ് അക്കാഡമി ഡയറക്ടർ എന്നിവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

Advertisement
Advertisement