ആലുവ മെട്രോ സ്റ്റേഷനിൽ എത്തുന്നവർ കാലങ്ങളായി നേരിട്ട പ്രശ്‌നത്തിന് പരിഹാരം; പൊലീസിന്റെ കണ്ണുവെട്ടിക്കാനാവില്ല

Sunday 09 June 2024 2:04 PM IST

ആലുവ: ട്രാഫിക്ക് പൊലീസ് ഉണർന്നപ്പോൾ ആലുവ മെട്രോ സ്റ്റേഷന് മുമ്പിലെ അനധികൃത പാർക്കിംഗിന് അവസാനമായി. കാറുകളും ഓട്ടോറിക്ഷകളും മാത്രമല്ല, ഇരുചക്ര വാഹനങ്ങൾ വരെ ഒഴിവായി. പൊലീസിന്റെ കണ്ണുവെട്ടിച്ച് പാർക്ക് ചെയ്യുന്നവരിൽ നിന്നും പിഴ ചുമത്താനും തുടങ്ങി.

മെട്രോ സ്റ്റേഷന് മുമ്പിലെ അനധികൃത പാർക്കിംഗിനെതിയും അനധികൃത ഓട്ടോറിക്ഷ സ്റ്റാൻഡിനെതിരെയും വ്യാപകമായ പരാതി ഉയർന്നെങ്കിലും രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് പൊലീസ് നടപടിയെടുത്തിരുന്നില്ല. ഇതിനിടയിലാണ് യൂബർ ഓട്ടോ ഡ്രൈവറെ ഇവിടത്തെ മൂന്ന് ഓട്ടോറിക്ഷ ഡ്രൈവർമാർ ക്രൂരമായി മർദ്ദിച്ച വീഡിയോ കഴിഞ്ഞയാഴ്ച വൈറലായത്.

സംഭവം വിവാദമായതോടെ മെട്രോ സ്റ്റേഷന് മുമ്പിലെ അനധികൃത ഓട്ടോറിക്ഷ സ്റ്റാൻഡ് വെള്ളിയാഴ്ച പൊലീസ് ഇടപെട്ട് ഒഴിപ്പിച്ചെങ്കിലും ഇതേസ്ഥലം ഇരുചക്ര വാഹനങ്ങൾ കയ്യടക്കുകയായിരുന്നു. ഇതും വിവാദമായപ്പോഴാണ് ഇന്നലെ പൊലീസ് സ്ഥലത്ത് പ്ളാസ്റ്റിക്ക് ചരടുകെട്ടി തിരിക്കുകയും നോ പാർക്കിംഗ് ബോർഡ് സ്ഥാപിക്കുകയും ചെയ്തത്. ഡ്യൂട്ടിക്ക് പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. മെട്രോ ആരംഭിച്ചപ്പോൾ ഇവിടെ അനധികൃത പാർക്കിംഗും ഓട്ടോറിക്ഷ സ്റ്റാൻഡുകളും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പായിരുന്നില്ല. രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് മുമ്പിൽ പ്രഖ്യാപനം ജലരേഖയാവുകയായിരുന്നു. അനധികൃത വാഹന പാർക്കിംഗ് മൂലം മെട്രോ യാത്രക്കാർ വരുന്ന വാഹനങ്ങൾ നിറുത്താൻ പോലും സൗകര്യമില്ല.

നഗരത്തിൽ നിന്ന് അങ്കമാലി, പറവൂർ, എടയാർ ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങളും മാർക്കറ്റ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളും കടന്നുവരുന്നത് ഇതുവഴി

അനധികൃത പാർക്കിംഗ് മൂലം വൈകുന്നേരമായാൽ ഇവിടെ വലിയ ഗതാഗതകുരുക്ക് അനുഭവപ്പെടുന്നു.

ഓട്ടോ സ്റ്റാൻഡിനായി സമ്മർദ്ദം ചെലുത്തി രാഷ്ട്രീയക്കാരും

പൊലീസ് തടഞ്ഞതോടെ ഓട്ടോറിക്ഷ സ്റ്റാൻഡ് പുനരാരംഭിക്കാനുള്ള നീക്കവുമായി രാഷ്ട്രീയക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഇന്നലെ ഡിവൈ.എസ്.പി മുതലുള്ള ഉദ്യോഗസ്ഥരെ ഇവർ നേരിട്ട് സന്ദർശിച്ച് സമ്മർദ്ദം ചെലുത്തിയെങ്കിലും പൊലീസ് വഴങ്ങിയിട്ടില്ല. വൈകുന്നേരങ്ങളിൽ ഗതാഗതകുരുക്ക് മൂലം വാഹനങ്ങൾ നിരങ്ങി നീങ്ങുന്ന അവസ്ഥയാണിവിടെ. ഈ സാഹചര്യത്തിൽ കർശന നടപടിക്കാണ് പൊലീസ് തീരുമാനം.

Advertisement
Advertisement