'സംഘപരിവാരത്തിന്റെ നിലവാരം ഇതാണ്, അവരുടെ സൈബർ ആക്രമണം ഒക്കെ കേരളം എത്ര നേരിട്ടതാണ്'

Sunday 09 June 2024 2:59 PM IST

ഈ മാസം നാലാം തീയതിയായിരുന്നു ലോക്‌‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. നടനും മുൻ എംപിയുമായ സുരേഷ് ഗോപി തൃശൂരിൽ നിന്ന് എഴുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ നടി നിമിഷ സജയനെതിരെ സൈബറാക്രമണം നടക്കുകയാണ്. നാല് വർഷം മുമ്പ് നടി പറഞ്ഞ ചില കാര്യങ്ങളുടെ പേരിലാണ് ആക്രമണം. 'തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മൾ കൊടുക്കുവോ, കൊടുക്കൂല'- എന്നായിരുന്നു നടി അന്ന് പറഞ്ഞത്.

ഇപ്പോഴിതാ സൈബർ ആക്രമണം നേരിടുന്ന നടിയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മന്ത്രി വി ശിവൻകുട്ടി. നിമിഷയുടെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം പിന്തുണ അറിയിച്ചിരിക്കുന്നത്.

"സംഘപരിവാരത്തിന്റെ നിലവാരം ഇതാണ്...അവരുടെ സൈബർ ആക്രമണം ഒക്കെ കേരളം എത്ര നേരിട്ടതാണ്... നിമിഷ സജയനൊപ്പം..."- എന്നാണ് നടിയുടെ ചിത്രം പങ്കുവച്ചുകൊണ്ട് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.

നിമിഷയ്‌ക്കെതിരായ സൈബറാക്രമണത്തിൽ വിഷമമുണ്ടെന്ന് സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുൽ സുരേഷ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. സഹപ്രവർത്തകനാണെന്ന് പോലും ഓർക്കാതെയാണ് അച്ഛനെക്കുറിച്ച് നിമിഷ അന്ന് അങ്ങനെ പറഞ്ഞതെന്നും ഗോകുൽ പറഞ്ഞിരുന്നു.

നിമിഷയ്‌ക്കെതിരെ ഇങ്ങനെ വീഡിയോ വരുമ്പോൾ തന്റെ അച്ഛൻ അതിനെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും എന്തിനാ ആൾക്കാർ ആ കുട്ടിയെ ഇങ്ങനെ ചെയ്യുന്നതെന്നാണ് തന്റെ അച്ഛന്റെ ചോദ്യമെന്നും ഗോകുൽ കൂട്ടിച്ചേർത്തു.

Advertisement
Advertisement