കെഎസ്‌ആർടിസിയുടെ കളക്ഷൻ വർദ്ധിപ്പിക്കാൻ മന്ത്രിക്കുമുന്നിൽ നിർദേശം മുന്നോട്ടുവച്ച് കണ്ടക്‌ടർ; സംഗതി സക്‌സസ്

Sunday 09 June 2024 5:39 PM IST

തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ കളക്ഷൻ വ‌ർദ്ധിപ്പിക്കാൻ കണ്ടക്‌ടർ മുന്നോട്ടുവച്ച നിർദേശം വിജയം. കെ എസ് ആര്‍ ടി സി ബസിന്റെ ഷെഡ്യൂള്‍ പുനഃക്രമീകരിച്ച് നല്‍കിയാല്‍ കളക്ഷന്‍ കൂട്ടാമെന്ന കണ്ടക്ടറുടെ നിർദേശത്തിന് ഗതാഗത മന്ത്രിയുടെ പച്ചക്കൊടി. തീരുമാനം കെ എസ് ആര്‍ ടി സിക്ക് വൻ നേട്ടമായി മാറിയിരിക്കുകയാണ്.

തിരുനാവായ സ്വദേശിയായ ഗര്‍ഭിണിയെ പ്രസവവേദന വന്നപ്പോള്‍ തൃശ്ശൂര്‍ അമല മെഡിക്കല്‍ കോളജിലേക്ക് എത്തിച്ച ബസിന്റെ കണ്ടക്ടര്‍ അജയന്റെ നിര്‍ദ്ദേശപ്രകാരമാണ് മന്ത്രി ബസിൻ്റെ ഷെഡ്യൂൾ മാറ്റാൻ അനുമതി നൽകിയത്. ഇതിലൂടെ ശരാശരി 4446 രൂപയുടെ വരുമാന വര്‍ധനവാണ് ഓരോ സര്‍വീസിലും ഉണ്ടായത്.

മന്ത്രി തന്നെ കണ്ടക്ടര്‍ അജയനെ ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിച്ചു. നേരത്തെ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിക്കാൻ സമയോചിതമായി ഇടപെട്ടതിന് അഭിനന്ദനം അറിയിക്കാൻ മന്ത്രി അജയനെ ഫോണിൽ വിളിച്ചിരുന്നു. ഈ സമയത്താണ് അജയൻ, തങ്ങളുടെ ബസിന്റെ ഷെഡ്യൂൾ മാറ്റിയാൽ വരുമാനം കൂടുമെന്ന് അറിയിച്ചത്. ഈ നിര്‍ദ്ദേശം പ്രഥമ പരിഗണനയോടെ കൈകാര്യം ചെയ്ത മന്ത്രി അന്ന് തന്നെ ബസിന്റെ ഷെഡ്യൂൾ മാറ്റാൻ ഉത്തരവിടുകയായിരുന്നു.

നേരത്തെ ഡിപ്പോ തുടങ്ങിയ കാലത്ത് കേരളത്തില്‍ ഏറ്റവും കളക്ഷനുണ്ടാക്കിയത് തൊട്ടില്‍പ്പാലം ഡിപ്പോ ആയിരുന്നു. പിന്നെ ബസും വരുമാനവും കുറയുന്ന സ്ഥിതിയായി. ഡിപ്പോയും വരുമാനവും മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ മന്ത്രിയും ജീവനക്കാരുമെല്ലാം.

Advertisement
Advertisement