ട്രോളിംഗ് നിരോധനത്തിന് തുടക്കം, ഇനി വറുതിയുടെ തീരം

Monday 10 June 2024 12:04 AM IST

കോഴിക്കോട്: തീരത്ത് ഇനി വറുതിയുടെ ദിനങ്ങൾ. മൺസൂൺകാല ട്രോളിംഗ് നിരോധനത്തിന് ഇന്നലെ അർദ്ധരാത്രിയോടെ തുടക്കമായി. യന്ത്രവത്കൃത യാനങ്ങൾക്ക് ഇന്നു മുതൽ 52 ദിവസം കടലിൽ വിലക്കാണ്. കടലിലേക്കുള്ള ദേശീയ ജലപാത ഫിഷറീസ് വകുപ്പ് ചങ്ങല കൊണ്ട് ബന്ധിച്ചു. ട്രോളിംഗ് അവസാനിക്കുന്ന ജൂലായ് 31നാണ് ചങ്ങലകൾ അഴിക്കുക. പ്രതികൂല കാലാവസ്ഥയായതിനാൽ ഭൂരിഭാഗം ബോട്ടുകളും വെള്ളിയാഴ്ചയോടെ മീൻപിടിത്തം നിർത്തിയിരുന്നു. ഇതര സംസ്ഥാന ബോട്ടുകളും തൊഴിലാളികളും നാട്ടിലേക്ക് മടങ്ങി. ജില്ലയിലെ ചോമ്പാൽ, കൊയിലാണ്ടി, പുതിയാപ്പ, വെള്ളയിൽ, ബേപ്പൂർ മത്സ്യബന്ധന തുറമുഖങ്ങൾ അടച്ചു.

@ കെെവിടരുത് കടലിന്റെ മക്കളെ

കനത്ത മഴയും കാലാവസ്ഥ വ്യതിയാനവും പട്ടിണിയിലാക്കിയ മത്സ്യത്തൊഴിലാളികൾക്ക് ട്രാേളിംഗ് നിരോധന കാലത്ത് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണമെന്നാണ് ആവശ്യം. ജില്ലയിൽ ഒന്നര ലക്ഷത്തിലധികം മത്സ്യത്തൊഴിലാളികളുണ്ട്. സീസൺ സമയത്തെ ലാഭമാണ് ട്രോളിംഗ് കാലത്ത് ഇവരുടെ പ്രധാന ആശ്രയം. എന്നാൽ മീൻ ലഭ്യത കുറഞ്ഞതോടെ സാമ്പത്തിക ഞരുക്കത്തിലാണ് മത്സ്യത്തൊഴിലാളികൾ. പലർക്കും ജോലിയില്ലാതായി. കാലാവസ്ഥ വ്യതിയാനം, കള്ളക്കടൽ പ്രതിഭാസം എന്നിവയും ഇടയ്ക്കിടെയുണ്ടാവുന്ന ഇന്ധന വില വർദ്ധനയും വലിയ തിരിച്ചടിയായി. കഴിഞ്ഞ തവണയും മത്സ്യബന്ധനം കാര്യമായി നടന്നിട്ടില്ലെന്ന് തൊഴിലാളികൾ പറയുന്നു. ക്ഷേമനിധി പെൻഷൻ ലഭിച്ചിട്ട് എട്ട് മാസം കഴിഞ്ഞെന്നാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പരാതി. 60 കഴിഞ്ഞ മത്സ്യത്തൊഴിലാളികൾക്കാണ് 1,600 രൂപ പെൻഷനായി ലഭിച്ചിരുന്നത്. കഴിഞ്ഞ സെപ്തംബറിനു ശേഷം പെൻഷൻ ലഭിച്ചിട്ടില്ല. ട്രോളിംഗ് നിരോധനം കഴിഞ്ഞ് ബോട്ടുകൾ കടലിലിറങ്ങുംവരെ എന്തു ചെയ്ത് കുടുംബം പുലർത്തുമെന്ന ചിന്തയിലാണ് പലരും. ബോട്ട് ഉടമകളുടെ സ്ഥിതിയും മറിച്ചല്ല.

@വലിയ ബോട്ടുകൾ-1300

@ചെറു വള്ളങ്ങൾ- 3000

'' സൗജന്യ റേഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ ട്രോളിംഗ് സമയത്ത് കിട്ടുമെന്നാണ് പ്രതീക്ഷ''-പ്രേമൻ, മത്സ്യത്തൊഴിലാളി

Advertisement
Advertisement