ഡ്രെെവിംഗ് ടെസ്റ്റ് ദിവസം വെട്ടിക്കുറച്ചു; വലഞ്ഞ് അപേക്ഷകർ

Monday 10 June 2024 12:39 AM IST
ഡ്രെെവിംഗ് ടെസ്റ്റ്

കോഴിക്കോട്: ഡ്രൈവിംഗ് ടെസ്റ്റിനുള്ള ദിവസം വെട്ടിക്കുറച്ചതോടെ ഫറോക്ക് ആ.ടി.ഒ പരിധിയിൽ ലൈസൻസിന് അപേക്ഷിച്ചവർ പ്രതിസന്ധിയിലായി. ആഴ്‌ചയിൽ രണ്ട് ദിവസമാക്കി (ചൊവ്വ, വ്യാഴം) ചുരുക്കിയതോടെ രണ്ട് മാസം മുമ്പ് തിങ്കൾ,വെള്ളി ദിവസങ്ങളിലേക്ക് ടെസ്റ്റ് തിയതി എടുത്തവരാണ് പ്രതിസന്ധിയിലായത്. ഇവർ വീണ്ടും ടെസ്റ്റ് തിയതി എടുക്കണമെന്നാണ് എം.വി. ഡിയുടെ നിർദ്ദേശം. പുതുതായി തീയതി വാങ്ങുന്നവർക്ക് രണ്ടോ, മൂന്നോ മാസത്തിന് ശേഷമാണ് അവസരം കിട്ടുന്നത്. അപ്പോഴേക്കും ലേണേഴ്‌സിന്റെ കാലാവധി അവസാനിക്കും. അതോടെ ലേണേഴ്‌സ് പുതുക്കാൻ വീണ്ടും പണമടക്കേണ്ടി വരും. ഫറോക്ക് ആർ.ടി.ഒ പരിധിയിൽ 40 ഓളം ഡ്രൈവിംഗ് സ്‌കൂളുകളാണുള്ളത്. ഇതിൽ 10 ഡ്രൈവിംഗ് സ്കൂൾ വീതമാണ് ഓരോ ദിവസവും ടെസ്റ്റിന് പോവുന്നത്. തിങ്കൾ, ചൊവ്വ, വ്യാഴം,വെള്ളി ദിവസങ്ങളിൽ നടന്നിരുന്ന ഡ്രൈവിംഗ് ടെസ്റ്റ് ഇപ്പോൾ ആഴ്‌ചയിൽ രണ്ട് ദിവസമാക്കി (ചൊവ്വ, വ്യാഴം) ചുരുക്കിയതാണ് പ്രതിസന്ധി ഉണ്ടാക്കിയത്. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് എ.കെ.എം.ഡി.എസ് ഫറോഖ് യൂണിറ്റ് (ഓൾ കേരള മോട്ടോർ ഡ്രെെവിംഗ് സ്കൂൾ ) ആവശ്യപ്പെട്ടു.

Advertisement
Advertisement