കേന്ദ്രമന്ത്രിസഭയിൽ കേരളത്തിലെ എൽ ഡി എഫിനും ഒരു മന്ത്രി,​ എൽ ഡി എഫും ബി ജെ പിയും ഒന്നിച്ച് സ്വീകരണം നൽകുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

Sunday 09 June 2024 9:59 PM IST

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എൻ.ഡി.എ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിസഭയിലെ രണ്ടാമനായി രാജ്‌നാഥ് സിംഗും മൂന്നാമനായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും നിതിൻ ഗഡ്കരി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയും ജോർജ് കുര്യനുമാണ് കേന്ദ്രമന്ത്രിമാരാകുന്നത്.

ഘടകകക്ഷി മന്ത്രിമാരിൽ ജെ.ഡി.എസിന്റെ എച്ച്.ഡി. കുമാരസ്വാമിയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. കേരളത്തിൽ ഇടതുമുന്നണിയുടെ ഭാഗമായ ജെ.ഡി.എസ് കർണാടകയിൽ ബി.ജെ.പിയുമായി ചേർന്നാണ് മത്സരിച്ചത്. എച്ച്.ഡി. കുമാരസ്വാമി കേന്ദ്രമന്ത്രിയായതിൽ ഇടതുപക്ഷത്തെ പരിഹസിച്ച് കുറിപ്പു പങ്കുവച്ചിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ . കുമാരസ്വാമി കേന്ദ്രമന്ത്രിയായതോടെ കേരളത്തിലെ എൻ.ഡി.എയ്ക്ക് രണ്ട് മന്ത്രിയും കേരളത്തിലെ എൽ.ഡി.എഫിന് ഒരു മന്ത്രിയുമുണ്ടായിരിക്കുന്നുവെന്ന് രാഹുൽ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. പിണറായി വിജയൻ മന്ത്രിസഭയിലെ വൈദ്യുതി മന്ത്രിയിയായ കൃഷ്ണൻകുട്ടിയുടെ നേതാവ് എച്ച്.ഡി. കുമാരസ്വാമി നരേന്ദ്രമോദി മന്ത്രിസഭയിലെ കേന്ദ്രമന്ത്രിയായിരിക്കുന്നു. ധ്വജപ്രണാമവും ലാൽസലാമും ഒന്നിച്ചു മുഴങ്ങുന്നുവെന്നും രാഹുൽ മാങ്കൂട്ടത്തിൽ കുറിച്ചു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

ശ്രീ പിണറായി വിജയൻ മന്ത്രിഭയിലെ വൈദ്യുതി മന്ത്രിയായ ശ്രീ കൃഷ്ണൻകുട്ടിയുടെ നേതാവ് HD കുമാരസ്വാമി, ശ്രീ നരേന്ദ്രമോദി മന്ത്രിസഭയിലെ കേന്ദ്ര മന്ത്രിയായിരിക്കുന്നു...

അങ്ങനെ കേരളത്തിലെ NDAയ്ക്ക് രണ്ട് മന്ത്രിയും

കേരളത്തിലെ LDFന് ഒരു മന്ത്രിയുമുണ്ടായിരിക്കുന്നു...

ശ്രീ കുമാരസ്വാമിക്ക് കേരളത്തിൽ LDFഉം BJPയും ഒന്നിച്ച് സ്വീകരണം നല്കും....

ധ്വജപ്രണാമവും ലാൽസലാമും ഒന്നിച്ച് മുഴങ്ങുന്നു.

Advertisement
Advertisement