ട്രോളിംഗ് നിരോധനം തുടങ്ങി, തീരമണഞ്ഞ് ബോട്ടുകൾ

Monday 10 June 2024 12:00 AM IST
f

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം തുടങ്ങിയതോടെ ആഴക്കടൽ മത്സ്യബന്ധനം നടത്തുന്ന യന്ത്രവത്കൃത ബോട്ടുകൾ തീരമണഞ്ഞു. ജൂലായ് 31 വരെയാണ് നിരോധനം. ഇന്നു മുതൽ ഫിഷറീസ്, മറൈൻ എൻഫോഴ്സ്‌മെന്റ്, കോസ്റ്റൽ പൊലീസ്, ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ് എന്നിവ പ്രത്യേക പട്രോളിംഗ് നടത്തും. നിരോധനം ലംഘിക്കുന്ന യാനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ മന്ത്രി സജി ചെറിയാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. നിരോധന കാലയളവിൽ ഇൻബോർഡ് വള്ളങ്ങളോടൊപ്പം ഒരു കാരിയർ വളളം മാത്രമേ അനുവദിക്കൂ.

ഹാർബറുകളിലും ലാന്റിംഗ് സെന്ററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ അടച്ചു. ഇൻബോർഡ് വള്ളങ്ങൾക്ക് ഡീസൽ ലഭ്യമാക്കാൻ അതത് ജില്ലകളിലെ മത്സ്യ ഫെഡിന്റെ തിരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫിഷറീസ് കൺട്രോൾ റൂമുകൾ തുടങ്ങി.

ഒരു മാസമായി മോശം കാലാവസ്ഥയും കള്ളക്കടൽ പ്രതിഭാസത്തെയും തുടർന്ന് മത്സ്യബന്ധനത്തിന് പോകാൻ കഴിയാതെ ദുരിതത്തിലാണ് മത്സ്യത്തൊഴിലാളികൾ. ട്രോളിംഗ് നിരോധനം കൂടി ആരംഭിച്ചതോടെ ദുരിതം ഇരട്ടിയാകും. ട്രോളിംഗ് നിരോധന സമയത്ത് മത്സ്യത്തൊഴിലാളികൾക്കുള്ള സൗജന്യ റേഷൻ വിതരണം കൃത്യമായി നടത്തുമെന്ന് അധികൃതർ അറിയിച്ചു.

Advertisement
Advertisement