നിയമസഭ സമ്പൂർണ ബഡ്ജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

Monday 10 June 2024 12:00 AM IST

തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം ഇന്ന് തുടങ്ങും. 2024- 25 സാമ്പത്തിക വർഷത്തേക്കുള്ള ബഡ്ജറ്റിലെ ധനാഭ്യർത്ഥനകൾ ചർച്ച ചെയ്ത് പാസ്സാക്കുകയാണ് പ്രധാന ഇനം. ആകെ 28 ദിവസം ചേരാൻ നിശ്ചയിച്ചിട്ടുള്ള ഈ സമ്മേളനത്തിൽ ജൂൺ 11 മുതൽ ജൂലായ് 8 വരെ 13 ദിവസം ധനാഭ്യർത്ഥനകൾ ചർച്ച ചെയ്ത് പാസ്സാക്കാൻ നീക്കിവച്ചിട്ടുണ്ട്.
അഞ്ച് ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങൾക്കും 8 ദിവസം ഗവൺമെന്റ് കാര്യങ്ങൾക്കുമായാണ് നിശ്ചയിച്ചിട്ടുള്ളത്. ഇന്ന് രാവിലെ ചോദ്യോത്തരവേളയ്ക്കു ശേഷം അല്പസമയം സഭാനടപടികൾ നിറുത്തിവച്ച് മെമ്പേഴ്സ് ലോഞ്ചിൽവച്ച് നിയമസഭാംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കും.തുടർന്ന്, 2024ലെ കേരള പഞ്ചായത്ത് രാജ് (രണ്ടാം ഭേദഗതി) ബിൽ, 2024ലെ കേരള മുനിസിപ്പാലിറ്റി (രണ്ടാം ഭേദഗതി) ബിൽ എന്നിവ അവതരിപ്പിക്കും.
ജൂൺ 13, 14, 15 തീയതികളിൽ ലോക കേരള സഭയുടെ നാലാം സമ്മേളനം ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടക്കും.ജൂലായ് 25 ന് സമ്മേളനം അവസാനിപ്പിക്കുംവിധമാണ് കലണ്ടർ തയ്യാറാക്കിയിട്ടുള്ളത്.

Advertisement
Advertisement