ഫോർട്ട്കൊച്ചിക്ക് തിരികെ വേണം ചീനവല മുഖം

Monday 10 June 2024 12:10 AM IST

ഫോർട്ട് കൊച്ചി: സായംസന്ധ്യയിൽ അഴിമുഖത്ത് നിരനിരയായി കിടക്കുന്ന ചീനവലകൾ! കൊച്ചി എന്ന പേരിനൊപ്പം മനസ്സിൽ വരുന്ന ചിത്രങ്ങളിലൊന്നാണത്. എന്നാൽ,​ ചീനവലകളുടെ ആ ദൃശ്യം ഓ‍‍ർമ്മയിൽ മാത്രം ഒതുങ്ങിയേക്കാനുള്ള സാധ്യതയാണ് ഇപ്പോൾ ഫോർട്ടുകൊച്ചിയിൽ. മത്സ്യബന്ധന യാനങ്ങളിടിച്ച് ചീനവലകളുടെ എണ്ണം പാതിയായി ചുരുങ്ങി. കൊച്ചിയുടെ പൈതൃകമുഖം സംരക്ഷിക്കണമെന്ന് അധികൃത‍ർക്കുമില്ല തോന്നൽ. വാട്ടർമെട്രോയ്ക്ക് വേണ്ടി ചീനവലകൾ പൊളിച്ചുമാറ്റാൻ അധികൃതരെത്തിയെങ്കിലും ഒട്ടനവധി സമരമുറകളിലൂടെ നാട്ടുകാ‍‍ർ അത് തടയുകയായിരുന്നു. ഫോ‍ർട്ടുകൊച്ചിയിലെത്തുന്ന വിനോദസഞ്ചാരികളെ പ്രധാനമായും ആകർഷിക്കുന്ന ഒന്നാണ് ഈ ചീനവലകൾ എന്നതാണ് സമരവുമായി മുന്നിട്ടിറങ്ങാൻ നാട്ടുകാരെ പ്രേരിപ്പിച്ചത്.

ചീനവലകൾ വലിച്ച് അതിൽ കിട്ടുന്ന മീനുകൾ തൊട്ടടുത്തുള്ള ഹോട്ടലിൽ നൽകി വിഭവമാക്കി കഴിക്കുന്നത് ഫോർട്ട് കൊച്ചിയിലെത്തുന്ന വിദേശികൾക്ക് വേറിട്ട അനുഭവമാണ്. മൺസൂണിൽ ചീനവലയിലൂടെ കായലിൽ പതിക്കുന്ന മഴ കണ്ടാസ്വദിക്കാൻ സ്വദേശികളും ധാരാളമെത്താറുണ്ടായിരുന്നു. എന്നാൽ ചീനവലകളുടെ എണ്ണം കുറഞ്ഞതോടെ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ ഇടിവുണ്ടായെന്ന് പ്രദേശത്തെ വ്യാപാരികൾ പറയുന്നു.

പ്രൗഢി തിരികെപ്പിടിക്കാൻ

ഫോർട്ടുകൊച്ചി ബീച്ചിൽ 12 ചീനവലകളാണ് മുമ്പ് നിരന്ന് കിടന്നിരുന്നത്. പലപ്പോഴായി ഓരോ ചീനവലകളായി നശിച്ചു. കഴിഞ്ഞ ദിവസം വള്ളം ഇടിച്ച് 2ചീനവലകൾ കൂടി തകർന്നതോടെ ഇവയുടെ എണ്ണം 6 ആയി ചുരുങ്ങി. തുടക്കത്തിൽ മരത്തിന്റെ കഴ ഉപയോഗിച്ചാണ് ചീനവലകൾ നിർമ്മിച്ചിരുന്നത്. പിന്നീട് ഇത് കിട്ടാതായതോടെ ഇരുമ്പിൻ തൂണുകൾ സ്ഥാനം പിടിച്ചു. ഇതും ചീനവലയുടെ പ്രൗഢി നഷ്ടപ്പെടുത്തി.

കോൺഗ്രസ് അധികാരത്തിലിരിക്കെ ചീനവല നവീകരണത്തിനായി ഒന്നേകാൽ കോടി രൂപ കൊച്ചി കോർപ്പറേഷൻ പാസാക്കിയിരുന്നു. അന്നത്തെ മേയർ സൗമിനി ജെയിൻ ഔദ്യോഗികമായി ഉദ്ഘാടനവും നിർവഹിച്ചിരുന്നു. ചീനവല നവീകരണത്തിന് എന്ന പേരിൽ കുറച്ച് തടികൾ കൊണ്ടുവന്നിട്ടു. എന്നാൽ,​ മറ്റ് പണി തുടങ്ങും മുമ്പ് കോൺഗ്രസിന് അധികാരം നഷ്ടപ്പെട്ടു. ഇപ്പോഴത്തെ ഭരണസമിതിയാവട്ടെ ചീനവലകളെ കുറിച്ച് ഒന്നും മിണ്ടിയിട്ടുമില്ല. ചീനവലകൾക്കായി പാസാക്കിയ തുക വകമാറ്റി ചെലവഴിച്ചു എന്നാണ് വിവരം.

പഴയതുപോലെ 12 ചീനവലകൾ ബീച്ചിൽ സ്ഥാപിച്ച് കൊച്ചിയുടെ മാറിയ പഴയ മുഖഛായ തിരിച്ച് കൊണ്ടുവരാൻ അധികാരികളും ടൂറിസം വകുപ്പും ശ്രദ്ധിക്കണം

അഡ്വ. ആന്റണി കുരീത്തറ

പ്രതിപക്ഷ നേതാവ്

കൊച്ചിൻ കോർപ്പറേഷൻ.

Advertisement
Advertisement